ആകൃതി ചൗധരിയെ വേട്ടയാടാൻ കേന്ദ്രസർക്കാരും; കേസ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീൽ നൽകുന്നു

ആകൃതി ചൗധരി
ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി സർവകലാശാലയിലെ മുൻ വിദ്യാർഥിനിയും സാമൂഹിക പ്രവർത്തകയുമായ ആകൃതി ചൗധരിക്കെതിരെ യുപി സർക്കാർ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ നൽകുന്നു. കേന്ദ്ര സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ബുധനാഴ്ച ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
2026 ഏപ്രിലിൽ ഉത്തർപ്രദേശിലെ നോയിഡയിൽ കുറഞ്ഞ വേതനത്തിനെതിരെ വ്യവസായ തൊഴിലാളികൾ നടത്തിയ സമരത്തെ പിന്തുണച്ചതിനാണ് ആകൃതി ചൗധരിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മേയ് മാസത്തിൽ ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി അഞ്ച് മാസത്തോളം തടവിലിട്ടു. ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിലടക്കം പങ്കെടുത്തതും ആകൃതിക്കെതിരെ സംഘപരിവാറിന് വിദ്വേഷമുണ്ടാകാനുള്ള കാരണമാണ്. ഇൗ നടപടിക്കെതിരെ സിപിഐ എം അടക്കമുള്ള വിവിധ സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
സെപ്തംബർ 2ന് അലഹബാദ് ഹൈക്കോടതി ഈ തടങ്കൽ ഉത്തരവ് റദ്ദാക്കി. പൊലീസിന്റെ ആരോപണങ്ങൾ "കെട്ടിച്ചമച്ച കഥ" ആണെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അച്ചൽ സച്ച്ദേവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്‌തു. ആകൃതിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. കേസെടുത്ത എസ്എച്ച്ഒ മുതൽ നിയമവിരുദ്ധമായി തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) മേധാ രൂപം വരെയുള്ള ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കാനും നിർദ്ദേശിച്ചു.
ഉദ്യോഗസ്ഥരുടെ ഇത്തരം സ്വേച്ഛാധിപത്യപരമായ നടപടികൾ ഉത്തർപ്രദേശിനെ ഭീതിജനകമായ ഒരവസ്ഥയിലേക്ക് തള്ളിവിടുമെന്നും ഉദ്യോഗസ്ഥരുടെ വിശ്വസ്തത ഭരണഘടനയോടായിരിക്കണം എന്നും കോടതി ഓർമിപ്പിച്ചിരുന്നു.
പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന തെളിഞ്ഞ പ്രഖ്യാപനമായ ഇൗ ചരിത്രപരമായ വിധിക്കെതിരെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അപ്പീൽ നൽകുന്നത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് സോളിസിറ്റർ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.









0 comments