ad
Deshabhimani

ഗാന്ധി ഗുരു സംവാദ ശതാബ്‌ദി

ദൈവത്തെക്കാൾ വലുതാണ്‌ ജാതി എന്ന്‌ കരുതുന്നവർ ഇപ്പോഴുമുണ്ട്‌: സുനിൽ പി ഇളയിടം

sunil p ilayidom
വെബ് ഡെസ്ക്

Published on Mar 13, 2025, 01:20 AM | 1 min read


വർക്കല : ദൈവത്തെക്കാൾ വലുതാണ്‌ ജാതി എന്ന്‌ കരുതുന്നവർ ഇപ്പോഴും ഉള്ളതുകൊണ്ടാണ്‌ കൂടൽമാണിക്യം ക്ഷേത്രത്തിലേതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്ന്‌ സുനിൽ പി ഇളയിടം. 1925 മാർച്ച് 12ന് ശിവഗിരിയിൽ മഹാത്മാഗാന്ധി–- ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 100 പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്‌ഘാടനം വർക്കലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യയിൽ ഇപ്പോഴും തുടരുന്ന അസ്വാതന്ത്ര്യത്തിന്റെ ഉദാഹരണമാണ്‌ ജാതിവ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവസ്ഥയുടെ മർദനത്തിൽനിന്ന്‌ പുറത്തുകടക്കാനുള്ള അവസരമായി ഒരുകാലത്ത്‌ മതപരിവർത്തനത്തെ കണ്ടിരുന്നു. മനുഷ്യനായി കുറച്ചുകാലം ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്‌ പലരും മതംമാറാൻ തയ്യാറായത്‌–-അദ്ദേഹം പറഞ്ഞു.


രാഷ്‌ട്രീയ സ്വാതന്ത്ര്യമല്ല ഇന്ത്യക്ക്‌ ആവശ്യമെന്നും സാമൂഹിക സ്വാതന്ത്ര്യമാണെന്നും ഗാന്ധിജി തിരിച്ചറിഞ്ഞത്‌ ശ്രീനാരായണഗുരുവുമായുള്ള സംവാദത്തിലൂടെയാണ്‌. പിന്നീട്‌ ഹിന്ദു–-മുസ്ലിം വിഭാഗങ്ങളെ ഒന്നാക്കി നിർത്താനാണ്‌ ഗാന്ധിജി ശ്രമിച്ചത്‌. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ പണ്ടേ ഹിന്ദുരാഷ്‌ട്രമാകുമായിരുന്നു. ഗുരുവും –-ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ കൈവശമുള്ള ഒരു സമരായുധമാണ്‌. ആ സമരായുധം ഏറ്റെടുക്കലാണ്‌ ഡിവൈഎഫ്‌ഐയെപ്പോലുള്ള യുവജന സംഘടനകളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.


പ്രബുദ്ധ കേരളത്തിൽ സമീപകാലങ്ങളിലുണ്ടാകുന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന്‌ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും സമൂഹത്തിൽ പലരൂപത്തിൽ നിലനിൽക്കുന്നു. ഡിവൈഎഫ്‌ഐയേപ്പോലുള്ള യുവജന സംഘടനകൾ ഇത്തരം സ്ഥിതിവിശേഷങ്ങൾക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.


ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് അധ്യക്ഷനായി. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന ട്രഷറർ അരുൺ ബാബു, നേതാക്കളായ ചിന്ത ജെറോം, എൽ എസ്‌ ലിജു, എ എം അൻസാരി, വി എ വിനീഷ്‌, ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, ജില്ലാ പ്രസിഡന്റ് വി അനൂപ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home