ad
Deshabhimani

അഴീക്കോട്‌ ജന്മശതാബ്ദി ഇ‍ൗ വർഷം

print edition വിടപറഞ്ഞിട്ട്‌ 14 വർഷം; നിലയ്‌ക്കില്ലീ സാഗര ഗർജനം

Sukumar Azhikode
വെബ് ഡെസ്ക്

Published on Jan 24, 2026, 09:10 AM | 1 min read

തൃശൂർ: പതിയെ തുടക്കം. പിന്നീട് കൊടുങ്കാറ്റായ്‌ മാറുന്ന പ്രഭാഷണം. ആ സാഗര ഗർജനം നിലച്ചിട്ട്‌ 14 വർഷം. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ്, വിദ്യാഭ്യാസചിന്തകൻ, സാഹിത്യ വിമർശകൻ തുടങ്ങി സകല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സുകുമാർ അഴീക്കോട് 2012 ജനുവരി 24നാണ്‌ അന്തരിച്ചത്‌. 1926 മേയ് 12-ന്‌ കണ്ണൂർ അഴീക്കോട് ജനിച്ച അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷംക‍ൂ‍ടിയാണിത്‌.


കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷിയെന്നാണ്‌ അഴീക്കോട്‌ വിശേഷിപ്പിക്കപ്പെട്ടത്‌. ഏത്‌ പ്രമുഖരേയും നിശിതമായി വിമർശിക്കുന്ന അഴീക്കോട്‌ ഇന്നും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. ഉപനിഷത്തും ചരിത്രവും സാഹിത്യവും ഗാന്ധിമാർഗവും ഗുരുദർശനവുമെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ നിറയും.


1954-ലാണ്‌ ആദ്യകൃതിയായ ‘ആശാന്റെ സീതാകാവ്യം’ പ്രസിദ്ധീകരിച്ചത്‌. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യ സമഗ്രപഠനമാണ്. 1984-ൽ പ്രസിദ്ധീകരിച്ച ‘തത്ത്വമസി’ അദ്ദേഹത്തിന്റെ കൃതികളിൽ വച്ച്‌ ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു.


20–ാം വയസ്സിൽ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു പുതുപ്പിറവി തന്നതെന്ന് ആത്മകഥയിൽ അഴീക്കോട് പറയുന്നു. ജോലിയന്വേഷിച്ച് ഡൽഹിയിൽ പോയി മടങ്ങുന്ന വഴിയാണ് സേവാഗ്രാമിൽ ചെന്ന് ഗാന്ധിയെ കണ്ടത്. ‘ഗാന്ധിയനായ ഞാൻ മരിക്കുന്നതുവരെ കോൺഗ്രസാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്കു മുന്പേ കോൺഗ്രസ്‌ മരിച്ചു’ – അഴീക്കോടിന്റെ കുന്തമുനകളാണിത്‌.

കലിക്കറ്റ്‌ സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974–-78ൽ കലിക്കറ്റ് സർവകലാശാലാ പ്രോ വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. കേരള സർവകലാശാലയിൽനിന്ന്‌ മലയാള സാഹിത്യ വിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. കേന്ദ്ര–-കേരള സാഹിത്യ അക്കാദമികളിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്നു.


കണ്ണൂരിൽനിന്ന്‌ തൃശൂരിലെത്തി വിയ്യൂരിൽ താമസമാക്കിയ അഴീക്കോട്‌ 2007ൽ എരവിമംഗലത്ത്‌ മണലിപ്പുഴയുടെ തീരത്ത്‌ ‘തത്ത്വമസി’യിലേക്ക്‌ താമസം മാറ്റി. ഇ‍ൗ വീട്‌ അഴീക്കോട്‌ സ്‌മാരകമായി സംസ്ഥാന സർക്കാർ സംരക്ഷിച്ചുവരികയാണ്‌. അഴീക്കോടിന്റെ പുസ്തകങ്ങൾ സുരക്ഷിതമായി വിന്യസിക്കുന്ന വായനാമ‍ുറിയും ഓഡിറ്റോറിയവും ജീവചരിത്രം വീഡിയോ രൂപത്തിൽ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സംവിധാനവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home