എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഡിസിസി പ്രസിഡന്റിനെ ചോദ്യം ചെയ്യുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിഡിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ചോദ്യം ചെയ്യലിനായി ബത്തേരി ഡിവൈഎസ്‌പി ഓഫീസിൽ ഹാജരായപ്പോൾ
കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും മകനെയും ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ച കേസിൽ പ്രതികളായ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും കോൺഗ്രസ് മുൻ നേതാവ് കെ കെ ഗോപിനാഥനും ചോദ്യം ചെയ്യലിനായി ബത്തേരി ഡിവൈഎസ്‌പി ഓഫീസിൽ ഹാജരായി. രാവിലെ പത്തുമുതൽ അഞ്ചുവരെ മൂന്നുദിവസമാണ് സമയബന്ധിത കസ്റ്റഡിയും ചോദ്യംചെയ്യലും. ഒന്നാംപ്രതി ഐ സി ബാലകൃഷ്‌ണൻ എംഎൽഎ വ്യാഴം മുതൽ ശനിവരെ സമയബന്ധിത കസ്റ്റഡിക്കും ചോദ്യംചെയ്യലിനും വിധേയനാകണം. ശനിയാഴ്‌ച അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ ഉപാധിയിലാണ് കോടതി സമയബന്ധിത കസ്റ്റഡി നിർദേശിച്ചത്. ജാമ്യത്തിലെ ഉപാധി പ്രകാരം ഡിഡിസി ഓഫീസ് അടക്കമുള്ള കോൺഗ്രസ് ഓഫീസുകളിലേക്ക് പ്രതികളുമായി തെളിവ് ശേഖരണം നടന്നേക്കും.
അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഉൾപ്പെടുന്ന പ്രത്യേകസംഘം
എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ, ആത്മഹത്യാ പ്രേരണക്കേസ് അടക്കം കോൺഗ്രസിന്റെ നിയമനക്കോഴ കേസുകൾ ക്രൈംബ്രാഞ്ച് ഉൾപ്പെടുന്ന പ്രത്യേകസംഘം അന്വേഷിക്കും. ആത്മഹത്യാ പ്രേരണക്കേസും പ്രതികൾ ജോലിവാഗ്ദാനംചെയ്‌ത് പണംതട്ടിയെന്ന മൂന്ന് കേസുകളിലുമാണ് അന്വേഷണം.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിലുള്ള ഒമ്പതുപേരടങ്ങുന്ന അന്വേഷക സംഘത്തെ നിലവിൽ കേസ് അന്വേഷിച്ചിരുന്ന ബത്തേരി ഡിവൈഎസ്‌പി അബ്ദുൾ ഷരീഫ് നയിക്കും. നിലവിലെ അന്വേഷക സംഘത്തിനൊപ്പം ക്രൈംബ്രാഞ്ചിനെ കൂട്ടിച്ചേർത്താണ് പ്രത്യേക സംഘം രൂപീകരിച്ചത്. രണ്ടുവീതം ഡിവൈഎസ്‌പിമാരും ഇൻസ്പെക്ട്ർമാരും സംഘത്തിലുണ്ട്. ബത്തേരി ഡിവൈഎസ്‌പി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രത്യേക സംഘമാണ് പ്രതികളെ ചോദ്യംചെയ്യുക. കൂടുതൽപ്പേരുടെ മൊഴിയെടുത്ത് വിജിലൻസിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.









0 comments