ad
Deshabhimani

സ്കൂൾ ഒളിമ്പിക്സ്: തീം സോങ് വിദ്യാർഥികൾ രചിക്കും

students

പ്രതീകാത്മക ചിത്രം

avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Oct 09, 2025, 12:52 PM | 1 min read

തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സിന്റെ തീം സോങ് കുട്ടികൾ രചിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ നിന്നും രചനകൾ ക്ഷണിച്ച് ഉത്തരവായി. ഇന്നാണ് വിദ്യാർഥികൾക്ക് രചനകൾ സമർപ്പിക്കാനുള്ള അവസാന തിയതി.


വൈകിട്ട് 5 മണിക്ക് മുമ്പായി രചനകൾ സ്കൂളിലെ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി [email protected], [email protected] എന്നീ ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കാം. രചനകളിൽ കുട്ടി പഠിക്കുന്ന ക്ലാസും സ്കൂ‌ളിൻ്റെ പേരും രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന രചനക്ക് സമ്മാനം ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


തെരഞ്ഞെടുക്കപ്പെടുന്ന രചന കായികമേളയുടെ തീം സോങ്ങായി അം​ഗീകരിക്കും. പാട്ട് ചിട്ടപ്പെടുത്തി വീഡിയോ ചിത്രീകരിച്ച് സംസ്ഥാന സ്കൂൾ കായിക മേളയുടെ ഉദ്ഘാടന വേദിയിൽ പ്രദർശിപ്പിക്കും. കായിക മേളയുടെ പ്രചാരണത്തിനായി വീഡിയോ ഉപയോ​ഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


കഴിഞ്ഞ വർഷങ്ങളിലായി നടത്തുന്ന വിദ്യാർഥികളുടെ കലാ-കായിക മത്സരങ്ങളുടെ സംഘാടനം മുതൽ എല്ലാ ഘട്ടത്തിലും വിദ്യാർഥികളുടെ പങ്കാളിത്തം സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിച്ചത് വയനാട് വെള്ളാർമല സ്കൂളിലെ കുട്ടികളുടെ നൃത്തത്തോടെയായിരുന്നു.


ചരിത്രത്തിലാദ്യമായി വിദ്യാർഥി രചിച്ച കവിത ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനമായി. കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിലെ വിദ്യാർഥിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025-26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരഞ്ഞെടുത്തത്. പ്രവേശനോത്സവ ഗാനം രചിച്ച ഭദ്ര ഹരിയെ പ്രവേശനോത്സവ ദിവസത്തിൽ വിശിഷ്ട അതിഥിയായി ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.


സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഗൾഫിൽ സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ പെൺകുട്ടികൾകൂടി കായികമേളയുടെ ഭാഗമാകും. കഴിഞ്ഞ വർഷം ഗൾഫ്​ സ്കൂളുകളെ ഉൾപ്പെടുത്തിയപ്പോൾ ആൺകുട്ടികൾ മാത്രമാണ് പ​ങ്കെടുത്തത്​. 1500 ഭിന്നശേഷി വിദ്യാർഥികളും മേളയുടെ ഭാഗമാകും. മത്സരങ്ങൾക്ക്​ 17 ഗ്രൗണ്ടുകളാണ്​ ആവശ്യം​. പരിശീലനത്തിനുൾ​പ്പെടെ 22 ഗ്രൗണ്ടുകൾ​ കണ്ടെത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home