സുരക്ഷിതരായെത്തി, മാഞ്ഞു യുദ്ധഭീതി

വിവേക് വേണുഗോപാലന്‍
Published on May 12, 2025, 12:45 AM | 1 min read
കൊച്ചി: ‘ആക്രമിക്കാനായി പറന്നുവരുന്ന ഡ്രോണുകള്‍ ലക്ഷ്യത്തിലേക്ക് അടുക്കുംമുമ്പേ നമ്മുടെ സൈനികർ വെടിവച്ചിട്ടു’–- പഞ്ചാബ് കേന്ദ്ര സര്‍വകലാശാല വിദ്യാർഥി അൻസാഫിന്റെ വാക്കുകളിൽ യുദ്ധഭീതിയുണ്ടെങ്കിലും നാട്ടിലെത്താനായതിന്റെ ആശ്വാസം. അതിർത്തിയിലെ സംഘർഷത്തെതുടർന്ന് പഞ്ചാബിലെ വിവിധ സർവകലാശാലകളില്‍നിന്ന് മടങ്ങിയെത്തിയതാണ് അൻസാഫ് ഉൾപ്പെടെയുള്ളവർ.
മുന്‍കരുതല്‍ എന്നനിലയ്ക്കാണ് നാട്ടിലേക്ക് തിരിച്ചത്. പഞ്ചാബ്, കശ്മീര്‍ സ്വദേശികളും വിദേശ വിദ്യാര്‍ഥികളുമെല്ലാം പഞ്ചാബ് കേന്ദ്ര സര്‍വകലാശാലാ ഹോസ്റ്റലില്‍ സുരക്ഷിതരാണ്. സര്‍വകലാശാല അടച്ചെങ്കിലും ഹോസ്റ്റലും മെസ്സും പ്രവര്‍ത്തിക്കുന്നുണ്ട്. ഡ്രോണ്‍ ആക്രമണം രൂക്ഷമായതോടെ സര്‍വകലാശാല നാലുദിവസത്തേക്ക് അടയ്ക്കുകയാണെന്ന് അറിയിപ്പ് വന്നു. അതോടെ നൂറ്റമ്പതോളം മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിക്കുകയായി
രുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയിൽ കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി. വിവിധ മലയാളി സംഘടനകളും എസ്‌എഫ്‌ഐയും സഹായം നൽകി. സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരെത്തി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി.
പഞ്ചാബിൽനിന്ന് മലയാളി വിദ്യാർഥികളുടെ സംഘം ഞായർ രാവിലെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. തൃശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവരാണിവർ. ചണ്ഡിഗഡ് സര്‍വകലാശാല, പഞ്ചാബ് കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ്. സര്‍വകലാശാലയിലെ ആദ്യ സെമസ്റ്റര്‍ പരീക്ഷ മാറ്റിവച്ചെന്ന് തൃശൂര്‍ സ്വദേശിയും പഞ്ചാബ് സര്‍വകലാശാല വിദ്യാര്‍ഥിയുമായ സനല്‍ പ
റഞ്ഞു.
മാധ്യമങ്ങൾ
പറയുന്നത്രയില്ല
ചണ്ഡിഗഡിൽ മാധ്യമങ്ങള്‍ പറയുന്നത്ര പ്രശ്നം ഉണ്ടായിരുന്നില്ലെന്ന് ചണ്ഡിഗഡ് സർവകലാശാല വിദ്യാർഥിനി സ്‌നേഹ പറഞ്ഞു. സര്‍വകലാശാലാ ക്യാമ്പസിന് തൊട്ടടുത്താണ് രാജ്യാന്തര അതിര്‍ത്തി. സ്ഥിതി സങ്കീര്‍ണമാകുമെന്ന് കരുതിയാണ് നാട്ടിലേക്ക് തിരിച്ചതെന്ന് സ്നേഹ പറഞ്ഞു.










0 comments