print edition പൊലീസിന്റെ നരനായാട്ട്; വിദ്യാർഥികൾ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം : സെക്രട്ടറിയറ്റ് മാർച്ചിനിടെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ റോഡ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറിയെത്തന്നെ മർദിക്കണമെന്ന് പൊലീസ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് സെക്രട്ടറിയറ്റിന് മുന്നിൽ നടപ്പാക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉപരോധസമരത്തെ അഭിസംബോധനചെയ്‌ത് പറഞ്ഞു. രണ്ട് പെൺകുട്ടികൾക്കാണ് ചൊവ്വാഴ്‌ച പൊലീസിന്റെ ഭീകരമർദനമേറ്റത്. പത്ത് വർഷത്തിനിടെ സമരം ചെയ്‌തതിന്റെ പേരിൽ ഒരു വിദ്യാർഥിനിക്കും തെരുവിൽ രക്തം ചിന്തേണ്ടി വന്നിട്ടില്ല. സംഘപരിവാർ നയത്തിൽ പ്രതിഷേധിച്ചതിന്റെയും സമരം ചെയ്‌തതിന്റെയും പേരിലാണ് യുഡിഎഫ് ഭരിക്കുന്ന സംസ്ഥാനത്ത് പെൺകുട്ടികൾക്ക് ഭീകരമർദനമേൽക്കേണ്ടിവന്നത്. യുഡിഎഫിനും സംഘപരിവാറിനും ഒരേ നയമെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രതിരോധമുയർത്തുന്നവരെയും പ്രതിഷേധിക്കുന്നവരെയും നട്ടെല്ലുയർത്തി നിലപാട് പറയുന്നവരെയും മതനിരപേക്ഷതയ്‌ക്കുവേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെയും തല്ലി തല പൊളിക്കാനുള്ള ഫാസിസ്‌റ്റ് നയമാണത്. ഗാന്ധിജിയും നെഹ്‌റുവുമടക്കമുള്ള കോൺഗ്രസിന്റെ മഹാരഥന്മാരെടുത്ത തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്‌എഫ്‌ഐ സമരം. എന്തിനാണീസമരമെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചോദിക്കുന്നത്.
വന്ദേമാതരം പൂർണമായും ആലപിക്കാൻ എന്തിനു കൂട്ടുനിന്നെന്നതിന് പ്രോട്ടോകോൾ പാലിക്കാനെന്നായിരുന്നു മന്ത്രിമാരുടെ ന്യായീകരണം. കോൺഗ്രസിന്റെ അംഗത്വമുള്ളവരാണോ ഇവരെന്ന് സാധാരണ കോൺഗ്രസ് അണികൾ പരിശോധിക്കണം. മൃഗീയവേട്ട തുടർന്നാലും സംഘപരിവാറിന് കീഴ്‌പ്പെട്ട സർക്കാരിനെതിരെ സമരത്തിൽനിന്ന് പിന്തിരിയില്ലെന്നും ശിവപ്രസാദ് പറഞ്ഞു. അയ്യൻകാളി, ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾ സമീപയിടങ്ങളിൽ നടക്കുന്നതിനാൽ പരിപാടിക്ക് തടസ്സമാകാതെ താൽക്കാലികമായി വിദ്യാർഥികൾ സമരം അവസാനിപ്പിക്കുകയായിരുന്നു.










0 comments