print edition കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി; വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയേറി

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമിരുന്ന വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജന്തർമന്തറിൽ നിരാഹാരം ആരംഭിച്ച എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയെ ഷാൾ അണിയിക്കുന്ന ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭം കേന്ദ്രസർക്കാരിന് കുരുക്കാകുന്നു. മന്ത്രിയെ സംരക്ഷിച്ചും വിദ്യാർഥികളെ അവഗണിച്ചും മുന്നോട്ടുപോയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരായി ജനവികാരമുയർത്താൻ പ്രക്ഷോഭത്തിനായിട്ടുണ്ട്.
ഉടൻ സമരമവസാനിക്കുമെന്ന കണക്കുകൂട്ടലിൽ സോനം വാങ്‌ചുക്കിനെ ഡൽഹി പൊലീസ് സമരവേദിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതും വിഷയം രൂക്ഷമാക്കി. ബിജെപി അനുകൂല നിലപാടുള്ള മധ്യവർഗവിഭാഗത്തിൽ നിന്നും കോക്രോച്ച് ജനത പാർടിയുടെ (സിജെപി) നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് പിന്തുണയേറുന്നതും തിരിച്ചടിയാകും.
പരീക്ഷ എഴുതിയ വിദ്യാർഥികളും രക്ഷിതാക്കളും സമരവേദിയിലെത്തി അഭിവാദ്യമർപ്പിക്കുന്നത് തുടരുകയാണ്. കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ഭാരതീയ കിസാൻ യൂണിയന്റെ അഞ്ഞൂറോളം കർഷകരും സമരവേദിയിൽ എത്തി. സംയുക്ത കിസാൻ മോർച്ചയും പിന്തുണയറിയിച്ചതോടെ വിദ്യാർഥി–കർഷക ഐക്യമാണ് ഉയരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലികളും പ്രകടനങ്ങളും തുടരുന്നു.
രാജസ്ഥാനിലെ സിക്കറിൽ ആയിരക്കണക്കിന് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രധാന്റെ രാജിയാവശ്യപ്പെട്ട് മാർച്ച് നടത്തി. വിദ്യാർഥികൾ തുടങ്ങിവച്ച സമരത്തിന് അന്താരാഷ്‌ട്ര മാധ്യമങ്ങളിലും പ്രചാരം ലഭിക്കുന്നതും കേന്ദ്രത്തെ കുരുക്കിലാക്കി.
പ്രതിപക്ഷ പാർടികൾ പാർലമെന്റിൽ പ്രധാന്റെ രാജിയാവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടത് വിദ്യാർഥി സംഘടനകളുടെയും സിജെപിയുടെയും നേതൃത്വത്തിൽ തിങ്കളാഴ്‌ച പാർലമെന്റ് മാർച്ചും നടത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തേളം എസ്‌എഫ്‌ഐ പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു.
മുട്ടിടിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിൽ ജനപിന്തുണയേറിയതോടെ മുട്ടിടിച്ച് കേന്ദ്രസർക്കാർ. തിങ്കളാഴ്‌ച പ്രഖ്യാപിച്ച സംയുക്ത പാർലമെന്റ് മാർച്ച് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ് ഞായറാഴ്‌ച സമരകേന്ദ്രം വളഞ്ഞു. ജലപീരങ്കികളും ഗ്രനേഡുകളും തയ്യാറാക്കിയാണ് പടയൊരുക്കം. തിങ്കളാഴ്‌ച റോഡുകളടയ്ക്കും. അധികമായി കേന്ദ്രസേനയെ വിന്യസിച്ചു.
എന്നാൽ, മാർച്ചിൽനിന്ന് പിന്മാറില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. പൊലീസ് തട്ടിക്കൊണ്ടുപോയ സോനം വാങ്‌ചുക്കിന് ഞായർ രാത്രി മൊബൈൽ വെളിച്ചം തെളിച്ച് പ്രക്ഷോഭകർ ഐക്യദാർഢ്യമറിയിച്ചു. സമരത്തെ തകർക്കാൻ ശ്രമിച്ചാൽ ഡൽഹിയെ പ്രതിഷേധക്കാരെക്കൊണ്ട് നിറയ്‌ക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ പറഞ്ഞു. ഞായറാഴ്‌ച സിനിമ പ്രവർത്തകരായ ഷബാന അസ്‌മി, പ്രകാശ് രാജ്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, വാങ്‌ചുക്കിന്റെ ഭാര്യ ഗീതാജ്ഞലി ആങ്‌മോ തുടങ്ങിയവർ സമരകേന്ദ്രത്തിലെത്തി അഭിവാദ്യമർപ്പിച്ചു.










0 comments