print edition കുതന്ത്രം അനുവദിക്കില്ല, പോരാട്ടം തുടരും

കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണറും വൈസ് ചാൻസലർമാരും മെനയുന്ന കുതന്ത്രങ്ങൾക്ക് ഒത്താശചെയ്യുന്ന യുഡിഎഫ് സർക്കാരിനെതിരെ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ്. സർവകലാശാലകളെ സംഘപരിവാർ അജൻഡയ്‌ക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി പോരാട്ടത്തിലാണ് വിദ്യാർഥികൾ. വിദ്യാഭ്യാസമേഖലയിൽ എൽഡിഎഫ് സർക്കാർ ഉയർത്തിയ സംഘപരിവാർ വിരുദ്ധ പ്രതിരോധ മാതൃക തുടരണമെന്ന മുദ്രാവാക്യം എങ്ങും മുഴങ്ങുന്നു.
വിലക്കിനെ തോൽപ്പിച്ച ധീരത
കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ ഡൽഹി സമരനായികയും എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ ഐഷി ഘോഷ് പങ്കെടുത്ത ഷീ ഫെസ്‌റ്റിന് അനുമതി നിഷേധിച്ച് അർധരാത്രി വിസി ഉത്തരവിറക്കി. വിസിയുടെ വിലക്ക് ഭയക്കാതെ ക്യാന്പസിലെത്തിയ ഐഷി ഘോഷിനെ ‘നോ മോർ മോദി’എന്ന ബാനർ ഉയർത്തി വിദ്യാർഥികൾ സ്വീകരിച്ചു. പ്രവേശന കവാടത്തിൽ ‘നോബഡി നീഡ്‌സ് ഹേറ്റ്‌സ്’ എന്ന കൂറ്റൻ ബോർഡുയർത്തി വിദ്വേഷരാഷ്ട്രീയത്തിനെതിരെ അവർ വീറോടെ പ്രതികരിച്ചു.
പ്രതികാരത്തിൽ പതറില്ല
എംജി സർവകലാശാലാ യൂണിയൻ സംഘടിപ്പിച്ച നാഷണൽ കോൺഫറൻസിന്റെ പ്രചാരണ പോസ്‌റ്ററിൽ പാറ്റയുടെ ചിത്രവുമുണ്ടായിരുന്നു. പോസ്‌റ്റർ പിൻവലിക്കാൻ വിസി ആവശ്യപ്പെട്ടെങ്കിലും യൂണിയൻ തയ്യാറായില്ല. ഇതോടെ പ്രതികാരനടപടി തുടങ്ങി. സർവകലാശാല അനുവദിച്ച ഫണ്ട് തിരിച്ചടയ്‌ക്കാൻ വിസി ആവശ്യപ്പെട്ടു. വിസിയുടെ ഉത്തരവ് ഏകപക്ഷീയമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി സ്റ്റേ ചെയ്‌തു.
അധ്യാപക, അനധ്യാപക, വിദ്യാർഥി സംഘടനകൾ, സ്‌റ്റുഡന്റ്‌സ് യൂണിയൻ, പഠനവകുപ്പുകൾ, കലാ–സാംസ്‌കാരിക സംഘടനകൾ തുടങ്ങിയവയുടെ പ്രചാരണ സാമഗ്രി സ്ഥാപിക്കാൻ സർവകലാശാലയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് വിസി സർക്കുലർ ഇറക്കി. അനുവാദമില്ലാതെ സ്ഥാപിക്കുന്നവ സുരക്ഷാവിഭാഗം നീക്കണമെന്നും നിർദേശം നൽകിയിരിക്കുകയാണ്.
"സംഘി ചാൻസലർ ഗോ ബാക്ക്'
സർവകലാശാലകളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റിയ മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ ഐതിഹാസിക സമരത്തിന് കലിക്കറ്റ് സർവകലാശാല വേദിയായിരുന്നു. 2023 ഡിസംബർ 16നാണ് ക്യാമ്പസിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ "സംഘി ചാൻസലർ ഗോ ബാക്ക്' എന്ന ബാനറുയർത്തി പ്രതിഷേധിച്ചത്.
വിസിമാരുടെ പട്ടിക തള്ളി സെനറ്റുകളിൽ സംഘപരിവാറുകാരെ നാമനിർദേശം ചെയ്തതിനെതിരെയായിരുന്നു സമരം. തിരുവനന്തപുരത്ത് പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച ഗവർണർ, കലിക്കറ്റ് ക്യാമ്പസിലെ ഗസ്റ്റ് ഹൗസിൽ താമസിക്കുമെന്ന് വെല്ലുവിളിച്ചു. മുംബൈയിൽനിന്ന് വിമാനത്തിൽ വൈകിട്ട് കരിപ്പൂരിൽ ഇറങ്ങിയ ആരിഫ് മൊഹമ്മദ് ഖാൻ രാത്രി സർവകലാശാലയിൽ എത്തി. വിദ്യാർഥികൾ കരിങ്കൊടി കാണിച്ചു. പൊലീസ് ലാത്തിവീശി 12 പേർക്ക് പരിക്കേറ്റു. വിദ്യാർഥികളെ അറസ്റ്റുചെയ്തുനീക്കി.









0 comments