print edition കുട്ടിക്കടത്തും ബാലവേലയും നിരീക്ഷിക്കാൻ പ്രത്യേക സമിതി

എഐ പ്രതീകാത്മകചിത്രം
സ്വന്തം ലേഖിക
Published on Apr 30, 2026, 12:01 AM | 1 min read
തിരുവനന്തപുരം: കുട്ടിക്കടത്തും ബാലവേലയും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാര്‍. കുട്ടിക്കടത്ത് തടയാനുള്ള സംവിധാനങ്ങൾ കാര്യക്ഷമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി പ്രത്യേക അവലോകന സമിതി രൂപീകരിച്ചു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ സമർപ്പിച്ച ശുപാർശകൾ പരിഗണിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഉന്നതതല സമിതിക്ക് സർക്കാർ രൂപം നൽകിയത്. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിയെന്ന സുപ്രീംകോടതി കണ്ടെത്തലിനെ തുടര്‍ന്നാണ് സംസ്ഥാനങ്ങളില്‍ സമിതികൾ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചത്.
കുട്ടിക്കടത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുക, ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള നവജാത ശിശുക്കളുടെ കടത്ത് തടയാൻ കർശന പരിശോധന നടത്തുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. അതിഥിത്തൊഴിലാളികളുടെ ഇടയിലോ അതിർത്തി മേഖലകളിലോ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുണ്ടോയെന്നത് സമിതി പരിശോധിക്കും. കൂടാതെ കാണാതാകുന്ന കുട്ടികളെ കണ്ടെത്തി, പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടിയുമെടുക്കും.
സമിതിയില്‍ സംസ്ഥാന പൊലീസ് മേധാവിയോ സോഷ്യൽ പൊലീസിങ് ഡയറക്ടറോ കൺവീനറാകും. വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യു വകുപ്പ് സെക്രട്ടറി, തൊഴിലും നൈപുണ്യവും വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. വിവിധ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ആരംഭിച്ച അവലോകന സമിതി വരുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലവും എളുപ്പവുമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. റെയിൽവേ സ്‌റ്റേഷനുകൾ, ബസ്‌സ്റ്റാന്‍ഡുകള്‍ തുടങ്ങിയ ട്രാൻസിറ്റ് പോയിന്റുകൾ കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനങ്ങള്‍ നിലവിലുണ്ട്.










0 comments