print edition സ്‌ത്രീസുരക്ഷാ പെൻഷൻ നിർത്തുന്നു

ഒ വി സുരേഷ്
Published on Jun 15, 2026, 12:00 AM | 1 min read
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വലയത്തിന് പുറത്തുള്ള, നിർധന കുടുംബങ്ങളിലെ സ്‌ത്രീകൾക്കും ട്രാൻസ് സ്‌ത്രീകൾക്കും മാസം ആയിരംരൂപ നല്‍കുന്ന എൽഡിഎഫ് സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതി യുഡിഎഫ് സർക്കാർ നിര്‍ത്തുന്നു. 35–60 പ്രായത്തിലുള്ള 31.34 ലക്ഷം പേർക്ക് മാസം ആയിരം രൂപ നൽകുന്ന പദ്ധതി 2025 ഒക്‌ടോബർ 29നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.
പ്രഖ്യാപിക്കുന്നതല്ലാതെ പണം ലഭിക്കില്ല എന്നു പറഞ്ഞ് പദ്ധതിയെ യുഡിഎഫ് എതിർത്തിരുന്നു. എന്നാൽ ഫെബ്രുവരി 11ന് പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ച് ഒരുമണിക്കൂറിനകം 10,58,700 പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തി. 105.87 കോടി രൂപ ഇതിനനുവദിച്ചു. ഫെബ്രുവരിയിലും മാർച്ചിലും എൽഡിഎഫ് സർക്കാർ തുകയനുവദിച്ചെങ്കിലും ഏപ്രിൽ, മെയ് മാസങ്ങളിലെ തുക നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. പദ്ധതിക്ക് എൽഡിഎഫ് സർക്കാർ ബജറ്റിൽ 3720 കോടി രൂപ നീക്കിവച്ചിരുന്നു.
മാർച്ചിലെ കണക്ക് പ്രകാരം 18,18,047 അപേക്ഷകളുണ്ട്. അഞ്ചുലക്ഷത്തിലേറെ അപേക്ഷകളിൽ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല.
മാർച്ചിൽ ഗുണഭോക്താക്കളുടെ എണ്ണം 16,24,091 ആയതോടെ 162.41 കോടി രൂപ വിതരണംചെയ്‌തു. ഏപ്രിലിലും മെയിലും അപേക്ഷകരുടെ എണ്ണം വീണ്ടുമുയർന്നു, 18,18,047 പേരായി. ഇതിൽ 16,40,343 പേർ അർഹരെന്ന് കണ്ടെത്തി പണം അനുവദിക്കാൻ ധനവകുപ്പിൽ ഫയലെത്തിയെങ്കിലും തീരുമാനമായില്ല. ഒരുമാസമായി തദ്ദേശസ്ഥാപനങ്ങളിലൂടെ അഞ്ചുലക്ഷത്തിലേറെ അപേക്ഷകളും വന്നിട്ടുണ്ട്. മലപ്പുറത്താണ് അപേക്ഷകർ കൂടുതൽ, 2.55 ലക്ഷം.
കണക്‌ട് ടു വർക്കിനും വെട്ട്
യുവജനങ്ങൾക്കായി എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച കണക്‌ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയിലെ ഏപ്രിൽ, മെയ് മാസങ്ങളിലെ തുകയും വെട്ടി. തൊഴിൽവകുപ്പ് നൽകിയ നിര്‍ദേശം ധനവകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്. 70,000 അപേക്ഷകൂടി ലഭിച്ചെങ്കിലും തീരുമാനമില്ല. ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിലും പദ്ധതി പരാമർശിച്ചിരുന്നില്ല.
കുടുംബ വാർഷികവരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ള, 18–30 പ്രായത്തിലുള്ള അഞ്ചുലക്ഷം പേർക്കാണ് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചത്. ജനുവരിയിൽ 10,000 പേരുടെ അക്കൗണ്ടുകളിൽ ആയിരം രൂപ വീതമെത്തി.
ഫെബ്രുവരിയിലും മാർച്ചിലുമായി 75,376 പേർക്ക് തുക നൽകി. ഇതിനായി ബജറ്റിൽ 400 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ചിരുന്നു.











0 comments