ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അംഗീകരിക്കുന്നു: എം ബി രാജേഷ്

പാലക്കാട്: ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അംഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'യെന്ന് മന്ത്രി എം ബി രാജേഷ്. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. നാളെ ലോകം പകർത്തുന്ന മറ്റൊരു കേരള മോഡലായി ഈ പദ്ധതി മാറുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘സ്ത്രീ സുരക്ഷാ പദ്ധതി': അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി
എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി‘യിൽ ഗുണഭോക്താവാകാനുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങി. സ്ത്രീ സുരക്ഷാ പദ്ധതിയിൽ ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താവല്ലാത്ത, ട്രാൻസ് വുമൺ അടക്കം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപവീതമാണ് സാമ്പത്തിക സഹായം. 31.34 ലക്ഷം സ്ത്രീകൾക്കാണ് സഹായം ലഭിക്കുക. വർഷം 3,800 കോടി രൂപയാണ് സർക്കാർ ചെലവിടുക. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി.
ആർക്കൊക്കെ അപേക്ഷിക്കാം?
നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം.
ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിങ് നടത്തേണ്ടതാണ്.










0 comments