ad
Deshabhimani

print edition കിഫ്ബിക്ക്‌ നൽകിയ 
നോട്ടീസിന്‌ സ്റ്റേ ; മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി

ENFORCEMENT DIRECTORATE
വെബ് ഡെസ്ക്

Published on Dec 17, 2025, 02:01 AM | 1 min read


കൊച്ചി

മസാലബോണ്ടിൽ വിദേശനാണ്യ വിനിമയചട്ട (ഫെമ) ലംഘനം ആരോപിച്ച്‌ കിഫ്‌ബിക്ക്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയ നടപടി ഹെെക്കോടതി സ്റ്റേചെയ്‌തു. സർക്കാർ വാദങ്ങളിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നുകണ്ട് മൂന്നുമാസത്തേക്കാണ് തുടർനടപടി സ്റ്റേചെയ്‌തത്. ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കിഫ്ബി നൽകിയ ഹർജി ജസ്റ്റിസ് വി ജി അരുൺ ഫയലിൽ സ്വീകരിച്ചു. തുടർന്ന് വിശദ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് നോട്ടീസ് അയച്ചു. മറുപടി ലഭിച്ചശേഷം തുടർവാദം നടക്കും.


കിഫ്‌ബി മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക്‌ ഭൂമി ഏറ്റെടുക്കാൻ വിനിയോഗിച്ചത് ഫെമ ലംഘനമാണെന്നാണ് ഇഡി നോട്ടീസിലുള്ളത്. ആർബിഐയുടെ 2015–-16-ലെ മാർഗനിർദേശപ്രകാരം അത് നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അടിസ്ഥാന വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടമല്ലെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌, രാഷ്‌ട്രീയപ്രേരിതമായ നടപടിയാണ്‌ ഇഡിയുടേതെന്നും സർക്കാർ വ്യക്തമാക്കി.


ആർബിഐയുടെ 2019-ലെ മാർഗനിർദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ എന്നതിൽ ‘അടിസ്ഥാനസൗകര്യ വികസനമേഖല' ഉൾപ്പെടുന്നില്ല. സംസ്ഥാനം അടിസ്ഥാനസൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുത്തത് 2019ലാണ്. അതിനാൽ 2016ലേതല്ല, 2019ലെ നിർദേശമാണ് ബാധകമാകുകയെന്ന്‌ സർക്കാർ വാദിച്ചു. ഇത്‌ മുഖവിലയ്‌ക്കെടുത്താണ് സ്റ്റേ.


ഭൂമി വാങ്ങുകയല്ല, ഏറ്റെടുക്കുകയാണ് ചെയ്‌തതെന്നും കിഫ്ബിയുടെ പേരിലേക്ക് സ്ഥലം മാറ്റിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ആർബിഐ അനുമതിയോടെയാണ് മസാലബോണ്ട് ഫണ്ട് വിനിയോഗിച്ചത്. നിയമലംഘനമുണ്ടെങ്കിൽ ആർബിഐ ഇടപെടുമായിരുന്നു. പണവിനിയോഗം സംബന്ധിച്ച് ആർബിഐക്ക്‌ പ്രതിമാസ റിപ്പോർട്ട്‌ നൽകുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, കാരണംകാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയതെന്നും കിഫ്ബിയുടെ ഹർജി തള്ളണമെന്നുമാണ് ഇഡി വാദിച്ചത്. സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്, സ്‌പെഷൽ ഗവ. പ്ലീഡർ വി മനു എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home