ad
Deshabhimani

കേന്ദ്രം അടച്ചു പൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് വിപുലീകരിക്കാൻ സംസ്ഥാനം; കെപിപിഎല്ലിന് 741 കോടിയുടെ പദ്ധതി

kerala paper products limtd
വെബ് ഡെസ്ക്

Published on Feb 11, 2026, 03:44 PM | 2 min read

തിരുവനന്തപുരം : സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡില്‍ (കെപിപിഎൽ) 741 കോടി രൂപയുടെ ബൃഹത്തായ തുടർ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഉൽപാദനശേഷി വർധിപ്പിക്കലും ഉൽപ്പന്ന വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019ൽ കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുതുതായി രൂപീകരിച്ചതാണ് കെപിപിഎൽ. അടച്ചു പൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്ത് പുന:സംഘടിപ്പിക്കുകയും വിജയകരമായി നടത്തുകയും മാത്രമല്ല, അതി ബൃഹത്തായ തുടർ വികസന പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.


സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും. വിപണി ആവശ്യങ്ങളും, പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേർന്ന് ഉയർന്ന നിലവാരത്തിലുള്ള പേപ്പർ ഉൽപ്പന്നങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. ഇ- കൊമേഴ്‌സ് ഭക്ഷ്യവസ്തുക്കളുടെ വിതരണം, റീട്ടെയിൽ എന്നീ മേഖലകളുടെ വളർച്ചയോടൊപ്പം പേപ്പർ ഉൽപ്പന്നങ്ങളുടെ ആവശ്യവും ഗണ്യമായി ഉയർന്നു വരികയാണ്. നോട്ട്‌ ബുക്കുകൾ, ടെക്സ്റ്റ്‌ ബുക്കുകൾ, ഓഫീസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റൈറ്റിങ് ആൻഡ് പ്രിന്റിങ് പേപ്പർ, കോപ്പിയർ പേപ്പർ മുതലായ പേപ്പർ ഉൽപ്പന്നങ്ങൾക്കും രാജ്യവ്യാപകമായി ആവശ്യം നിരന്തരം ഉയരുന്നുണ്ട്.


kerala paper products limtd


സ്പെഷ്യാൽറ്റി ഗ്രേഡുകളുടെയും, ഗുണമേന്മയുള്ള പാക്കേജിങ് ഗ്രേഡുകളുടെയും റൈറ്റിങ് ആൻഡ് പ്രിന്റിങ് പേപ്പർ ഗ്രേഡുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണെങ്കിലും ഉയർന്ന ചരക്കുകൂലി നൽകി ഇവയെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഒരു 'പേപ്പർ ക്ലസ്റ്റർ' രൂപീകരിച്ച് സാധ്യതകളെ പൂർണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തീകരിച്ച് പ്ലാന്റുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനം ആയി കെപിപിഎൽ മാറും. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


ഇന്ത്യയിലെ ഏറ്റവും വലിയ പത്രക്കടലാസ് നിർമാണ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ വലിപ്പവും, സാങ്കേതികതയും ഉള്ള ബൃഹത്തായ ഒരു സ്ഥാപനം മൂന്നര കൊല്ലത്തിലേറെ നീണ്ട അടച്ചുപൂട്ടലിന് ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പ്രവർത്തനസജ്ജമാക്കുകയും വൈവിധ്യവൽക്കരണത്തിലൂടെ രാജ്യത്തെ കടലാസ് നിർമാണ സ്ഥാപനങ്ങളുടെ മുൻ നിരയിലേക്ക് എത്തുന്നത് ഇന്ത്യയുടെ വ്യവസായ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.


kppl logo



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home