ad
Deshabhimani

സ്കൂൾ കലോത്സവം, എ ഗ്രേഡ് നേടുന്നവ‍ര്‍ക്കുള്ള സമ്മാനത്തുക വ‍ര്‍ധിപ്പിച്ചു

school kalotsavam
വെബ് ഡെസ്ക്

Published on Jan 11, 2026, 02:44 PM | 2 min read

തൃശൂ‍ര്‍: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക 1500 രൂപയായിവർധിപ്പിച്ചു. സാംസ്‌കാരിക സ്‌കോളർഷിപ്പ് എന്നാണ് സമ്മാനത്തുക അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം12,000കുട്ടികൾക്ക് എഗ്രേഡ്ലഭിച്ചു. ഇതുവരെ ട്രോഫിയും സമ്മാനത്തുകയായി 1000രൂപയുമാണ് നൽകി വന്നിരുന്നത്.


ഇത്തവണ ഏകദേശം 15,000 കലാപ്രതിഭകളാണ് മത്സരത്തിന് എത്തുന്നത്. കലാപ്രതിഭ,കലാതിലകം എന്നീ പദവികൾ നിർത്തലാക്കി ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തിയത് 2006-ലെ എറണാകുളം കലോത്സവം മുതലാണ്. സാംസ്‌കാരിക സ്‌കോളർഷിപ്പ് ഇതിന് പകരമായാണ് ഏ‍ര്‍പ്പെടുത്തിയത്.


ഓരോ ജില്ലയിലെയും എ ഗ്രേഡ് കിട്ടിയ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ ടീം മാനേജർമാര്‍ അതത് സമയത്ത് സമ‍ര്‍പ്പിക്കണം. തുക ഡിഡി മാർക്ക് കൈമാറി അവിടെനിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് വരവ് വെക്കുന്നതാണ് പതിവ്.


പങ്കാളിത്തം വ‍ര്‍ധിക്കുന്നു, ആവേശവും


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര മേളയുടെ 64-ാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം. തേക്കിൻകാട് മൈതാനി ഉൾപ്പെടെ 25 വേദികളിലായി കലാപൂരം പൊടിപൊടിക്കും.


അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളുമാണുള്ളത്.


ഓരോ വ‍‍ര്‍ഷവും കുട്ടികളുടെ താത്പര്യവും ആവേശവും വ‍ര്‍ധിക്കയാണ്. 2006ൽ ഏറണാകുളത്ത് നടന്ന മേളയിൽ 5000 കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. അന്ന് 4000പേർ എഗ്രേഡിനും സ്‌കോളർഷിപ്പിനും അർഹരായി. പിന്നീടുള്ള വർഷങ്ങളിൽ കലോത്സവ ഇനങ്ങളുടെയും പങ്കെടുക്കുന്ന കുട്ടികളുടെയും എഗ്രേഡ് നേടുന്നവരുടെയും എണ്ണം കൂടിവന്നു.


തിരക്കായാലും ഡിജിറ്റൽ


കുട്ടികൾക്കുള്ള താമസ സൗകര്യം അറിയാൻ ഇത്തവണ ഡിജിറ്റൽ സൗകര്യം ഏ‍ര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ ക്ലിക്കിൽ താമസത്തിന് അനുവദിച്ച സ്ഥലവും അവിടേക്കുള്ള റൂട്ട് മാപ്പും ലഭിക്കും. ക്യു ആ‍ര്‍ കോഡ് സ്കാൻ ചെയ്തും അറിയാം.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 10 സ്‌കൂളുകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്. അഞ്ച് സ്‌കൂളുകള്‍ റിസര്‍വ് പട്ടികയിലും ഉള്‍പ്പെടുന്നുണ്ട്. കുടിവെള്ളം, ചുക്കുകാപ്പി തുടങ്ങിയവയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കും. എന്‍എസ്എസ്, എസ്പിസി വോളന്റിയര്‍മാരുടെ നിരന്തര സേവനം ലഭ്യമാവും.


ഉത്തരവാദിത്ത കലോത്സവം


ഇതോടൊപ്പം പ്ലാസ്റ്റിക് നിയന്ത്രണവും ക‍ര്‍ശനമാക്കിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കൊണ്ടു വരുന്നവ‍രിൽ നിന്ന് പത്ത് രൂപ ഈടാക്കി സ്റ്റിക്ക‍ര്‍ പതിച്ച് നല്‍കും. തിരികെ പോകുമ്പോൾ ഹാജരാക്കി തുക തിരിച്ച് വാങ്ങിക്കണം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് പരിസ്ഥിതിക്ക് ദോഷം വരാത്ത ക്രമീകരണങ്ങൾ. ഉത്തരവാദിത്ത കലോത്സവം എന്ന വിശേഷണം അ‍ര്‍ത്ഥവത്താക്കുന്നതാണ് നടപടി ക്രമങ്ങൾ.


കെ എസ് ആര്‍ ടി സി ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് ഏ‍ര്‍പ്പെടുത്തുന്നുണ്ട്. വിദ്യാ‍ര്‍ഥികൾക്കും കലാമേള കാണാനെത്തുന്നവ‍ര്‍ക്കും ഇത് പ്രയോജനം ചെയ്യും.


തീം സോങ് ഒരുക്കിയതും അവ‍ര്‍ തന്നെ


സംസ്ഥാന സ്കൂൾ മേളകയുടെതീം സോങ് ഒരുക്കിയത് പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരി ഗവഹയർ സെക്കൻഡറി സ്കൂൾ വിദ്യാ‍ര്‍ഥികളാണ്. സംസ്ഥാന സ്കൂൾ കായികമേളയ്ക്കുള്ള അവതരണഗാനം ഒരുക്കിയവി പ്രഫുൽ ദാസ് തന്നെയാണ് നേതൃത്വത്തിൽ. പൊതുവിദ്യാഭ്യാസ വകുപ്പു സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ നിന്നാണു പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളുടെ പാട്ട് അവതരണഗാനമായി തിരഞ്ഞെടുത്തത്.


പ്രഫുൽ ദാസിന്റെ രചന,ഒപ്പം സംഗീതവും ആലാപനവും നടത്തിയതും സ്കൂളിലെ കുട്ടികൾ തന്നെ.  വി കെ അക്ഷയ്,ഹൃദ്യ കൃഷ്ണ എന്നിവർ വരികൾക്ക് ഈണം പകർന്നു. പി കെ മുഹമ്മദ് ഫായിസ്,ഹൃദ്യ കൃഷ്ണ,എ സൂരജ് ചന്ദ്രൻ,ആബേൽ ബിനോയ്,ജോയൽ മൈക്കിൾ,കെ ലക്ഷ്മിക,കെ ഗാഥ കൃഷ്ണ,സി പി വിഷ്ണുദത്ത് എന്നിവർ ചേർന്നാണ് ആലാപനം.



2026ജനുവരി 14–18 തൃശൂ‍ര്‍


ആകെ ഇനങ്ങൾ: 239

ആകെ വേദികൾ: 25

ഹൈസ്കൂൾ വിഭാഗം: 96

എച്ച്എസ്എസ്: 105

സംസ്കൃതോത്സവം: 19

അറബിക് കലോത്സവം: 19










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home