print edition എന്നാ, തകർക്കാല്ലേ... ങ്യാ... ഹഹഹ

ബുധനാഴ്ച തൃശൂരിൽ ആരംഭിക്കുന്ന കേരള സ്‌കൂൾ കലോത്സവം ഹയർ സെക്കൻഡറി നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കുന്ന തൃശൂർ വിവേകോദയം സ്കൂൾ വിദ്യാർഥികൾ ചാലക്കുടി കലാഗ്രാമത്തിലെ കലാഭവൻ മണിയുടെ ശിൽപ്പത്തിന് ചുവട്ടിലിരുന്ന് പാടുന്നു / ഫോട്ടോ: എം എ ശിവപ്രസാദ്
സി എ പ്രേമചന്ദ്രൻ
Published on Jan 14, 2026, 02:59 AM | 1 min read
തൃശൂർ
ചാലക്കുടി ചേനത്തുനാട്ടിലെ മണിക്കൂടാരത്തിലെ സ്‌മൃതി മണ്ഡപത്തിന് മുകളിൽ ചിരിതൂകി മണിച്ചേട്ടൻ. അച്ഛൻ കുന്നിശേരി രാമൻ സ്‌മാരക കലാഗ്രാമത്തിൽ കലാഭവൻ മണിയുടെ ശിൽപ്പം കണ്ടതോടെ തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികളുടെ മനസ്സിൽ പാട്ടുണർന്നു. ‘പുഞ്ചപ്പാടത്തെ വെളളം കാണാതെ...’ ആ കാൽച്ചുവട്ടിലിരുന്ന് അവർ പാടി..
മണിഓടിച്ച ബുള്ളറ്റും ഇഷ്‌ടവാഹനമായ ഓട്ടോയും അവിടുണ്ട്. അച്ഛന്റെയും അമ്മ അമ്മിണിയുടെയും ചിത്രത്തിനൊപ്പം ചെഗുവേരയും പനന്പിള്ളി ഗോവിന്ദമേനോനും രാഘവൻ തിരുമുൽപ്പാടും കലാഗ്രാമത്തിലുണ്ട്. 2013ൽ പിണറായി വിജയനാണ് കലാഗ്രാമം ഉദ്‌ഘാടനംചെയ്‌തത്. മണിയുടെ ആഗ്രഹപ്രകാരം ഇവിടെ കുട്ടികളെ സംഗീതവും നൃത്തവും പഠിപ്പിക്കുന്നു. സഹോദരൻ ആർ എൽ വി രാമകൃഷ്‌ണനെ കണ്ടതോടെ കുട്ടികൾ ചുറ്റുംകൂടി. ജീവതാളവും ആത്മാവും അറിഞ്ഞാണ് മണിച്ചേട്ടൻ പാടുകയെന്ന് രാമകൃഷ്‌ണൻ പറഞ്ഞു. എല്ലാം കണ്ടും കേട്ടും മനംനിറഞ്ഞ് കുട്ടികൾ കളമെഴുത്തുപാട്ട് തകർത്തുപാടി. ‘ഞാനിവിടെ നല്ല പുറന്തളത്തിലുണ്ട് വന്നിട്ടുണ്ട് ചേട്ടന്മാരെ....’ പാട്ടിനൊപ്പം ചെണ്ടയും മരവും ഇലത്താളവുമെല്ലാം മുറുകി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരത്തിനിറങ്ങുകയാണവർ.
നാടൻപാട്ടുകാരനും നടനുമായി തിളങ്ങിയ മണിയുടെ ഓർമകളിൽനിന്ന് ഉൗർജം കൊള്ളാനാണ് സാന്ദ്ര സജീവ്, പാർവതി പാലയൂർ, ദിയ ദീപക് നായർ, വൈഗ ആർ ദാസ്, അമൃത രമേഷ്, ഹേമന്ദ് സുരേഷ്, കെ എം ദേവകൃഷ്‌ണ എന്നിവരുടെ സംഘം മണിക്കൂടാരത്തിലെത്തിയത്.










0 comments