Deshabhimani
ad

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തും: മന്ത്രി വി ശിവൻകുട്ടി

v sivankutty book published
വെബ് ഡെസ്ക്

Published on Jun 13, 2025, 04:02 PM | 2 min read

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായുള്ള പുസ്തക പ്രകാശനം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത്‌ സർക്കാരിന്റെ സജീവ പരിഗണനയിലാണ്.


സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പൊലീസ് തുടങ്ങി സമൂഹത്തിലെ വിവിധ ഘടകങ്ങളേയും വകുപ്പുകളെയും കൂട്ടിച്ചേർത്ത് ഒരു സമഗ്ര പരിപാടി തയാറാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോൾ ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകിവരുന്നുണ്ട്. അവധിക്കാല അധ്യാപക പരിശീലനം, മോഡ്യൂളുകൾ, എസ്ഒപി എന്നിവ പരിഗണിച്ച് പ്രാഥമിക കൗൺസിലർമാരായി അധ്യാപകർക്ക് പരിശീലനം നൽകി. രക്ഷിതാക്കൾക്കും പ്രത്യേക കൈപുസ്തകങ്ങളും പരിശീലനവും നൽകി. പ്രഹരി ക്ലബ്‌, ജാഗ്രത ബ്രിഗേഡ് എന്നിങ്ങനെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായുള്ള സംരംഭങ്ങൾ നടപ്പിലാക്കി. ഈ അക്കാദമിക വർഷം സ്കൂൾ അംബാസിഡർമാരും പിയർ‑ഗ്രൂപ്പ് ലീഡർമാരും സജീവമായി പ്രവർത്തനം നടത്തും. സുംബ പോലുള്ള ശാരീരിക ആരോഗ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു.


ആന്റി ‑ നർക്കോട്ടിക് ക്ലബ്‌, എൻഎസ്എസ്, എൻസിസി തുടങ്ങിയവയിലൂടെയും സംരംഭങ്ങൾ സംഘടിപ്പിച്ചു. എക്‌സൈസ്, പൊലീസ് തുടങ്ങിയ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സഹായവും തേടുന്നുണ്ട്. “ലഹരിമുക്ത കേരളം” എന്ന ലക്ഷ്യത്തിൻറെ ഭാഗമായി, വിദ്യാർഥികളിൽ ലഹരിയുടെ ദോഷങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന മാർഗരേഖകളും പുസ്തകങ്ങളും തയ്യാറാക്കി ഇതിനു പിന്തുണ നൽകുന്ന വിശദമായ അധ്യാപന, ബോധവൽക്കരണ, സാമൂഹ്യ ബന്ധപരിപാടികളും നിയമാനുസൃത സേവന സംവിധാനങ്ങളും സർക്കാർ സ്കൂൾ തലത്തിൽ നടപ്പാക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും നല്ലൊരു നാളെക്കായി നമുക്കേവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി അറിയിച്ചു.


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഡോ. അരുൺ ബി. നായരുടെ "മനസും ആസക്തികളും" സി. രാമസ്വാമി ചെട്ടിയാരുടെ "ലഹരിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കാം" എന്നീ പുസ്തകങ്ങൾ ആണ് പ്രകാശനം ചെയ്തത്‌. മന്ത്രിയിൽ നിന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home