print edition വികസന പദ്ധതികളിൽ മാറ്റം വരുത്തിയില്ലെങ്കിൽ കേന്ദ്ര ധനകമീഷൻ ഗ്രാന്റുകൾ നഷ്ടമാകും

തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക സർക്കാരുകളുടെ വികസന പദ്ധതികളിൽ വലിയ അഴിച്ചുപണി വേണമെന്നും ആവശ്യമായ മാറ്റംവരുത്തിയില്ലെങ്കിൽ കേന്ദ്ര ധനകമീഷൻ ഗ്രാന്റുകൾ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും സംസ്ഥാന ധനകമീഷൻ. ഗവർണർ ആർ വി ആർലേക്കർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സർക്കാർ പ്രാദേശിക സർക്കാരുകൾക്ക് 2026-–27-ൽ കൈമാറേണ്ട ധനവിഭവങ്ങൾ സംബന്ധിച്ച ശുപാർശകൾ സംസ്ഥാന ധനകമീഷൻ നേരത്തേ സമർപ്പിച്ചിരുന്നു. പതിനാറാം കേന്ദ്ര ധനകമീഷൻ ശുപാർശകൾ പുറത്തുവന്നതോടെ അവകൂടി പരിഗണിച്ച് വരുത്തേണ്ട മാറ്റങ്ങളാണ് അനുബന്ധ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പതിനഞ്ചാം കേന്ദ്ര ധനകമീഷൻ ഇന്ത്യയിലെ പ്രാദേശിക സർക്കാരുകൾക്ക് വിതരണം ചെയ്തത് 4,32,361 കോടി രൂപയായിരുന്നു. പതിനാറാം ധനകമീഷൻ ഇത് 7,91,493 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ഗ്രാന്റിൽ നഗര ഭരണ സ്ഥാപനങ്ങളുടെ അനുപാതം മുൻകമീഷന്റെ കാലത്ത് 35.66 ശതമാനമായിരുന്നു. പതിനാറാം ധനകമീഷൻ ഇത് 45.01 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
നഗരവൽക്കരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പതിനാറാം ധനകമീഷൻ 56,100 കോടി രൂപയും 10,000 കോടി രൂപയും അടങ്കലുള്ള രണ്ട് പ്രത്യേക നഗരവികസന പദ്ധതികൾകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കിൽ നഗരവൽക്കരണം നടക്കുന്ന സംസ്ഥാനമാണെങ്കിലും മാനദണ്ഡങ്ങളുടെ പ്രത്യേകത കാരണം രണ്ടു പ്രത്യേക നഗരവികസന പദ്ധതികളുടെയും ആനുകൂല്യം കേരളത്തിനുകിട്ടാൻ സാധ്യത കുറവാണ്.
കേന്ദ്ര ധനകമീഷൻ ഗ്രാന്റുകൾ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഇടയിൽ വീതംവച്ചത് 2026-ലെ ജനസംഖ്യാനുപാതം സംബന്ധിച്ച മതിപ്പുകണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഇതുപ്രകാരം കേരളത്തിന്റെ ജനസംഖ്യയുടെ 82.49 ശതമാനവും അധിവസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. എന്നാൽ, 2011-ലെ സെൻസസ് കണക്കുകളനുസരിച്ച് കേരളത്തിലെ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഉള്ളത് സംസ്ഥാന ജനസംഖ്യയുടെ 22.76 ശതമാനം മാത്രമാണ്. കേരളത്തിൽ നഗസരഭകളിലും കോർപറേഷനുകളിലും വലിയ ജനസംഖ്യാ വർധനവ് ഉണ്ടാകുന്നില്ല. അതിവേഗ നഗരവൽക്കരണം സംഭവിക്കുന്നത് പഞ്ചായത്തുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലാണ്. കേരളത്തിലെ നഗരവൽക്കരണത്തിന്റെ ഈ പ്രത്യേകത കേന്ദ്ര ധനകമീഷൻ ഗ്രാന്റുകളുടെ കാര്യത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ധനകമീഷൻ ചെയർമാൻ ഡോ. കെ എൻ ഹരിലാൽ, അംഗങ്ങളായ ടിങ്കു ബിസ്വാൾ, കെ ആർ ജ്യോതിലാൽ എന്നിവർ ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്.










0 comments