ad
Deshabhimani

പുറത്തായവരെ പുനഃസ്ഥാപിക്കൽ : അവസരമുണ്ടായിട്ടും നിർദേശിക്കാതെ തെര. കമീഷൻ

print edition വോട്ടർമാരെ ചേർക്കുന്നതിൽ കമീഷന്‌ മെല്ലെപ്പോക്ക്‌ ; നടപടിയില്ലാതെ ലക്ഷക്കണക്കിന് അപേക്ഷകൾ

State Election Commission Kerala
വെബ് ഡെസ്ക്

Published on Jan 05, 2026, 02:02 AM | 2 min read


തിരുവനന്തപുരം

സംസ്ഥാനത്ത് പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രക്രിയയിൽ ‘അപ്രഖ്യാപിത മരവിപ്പിക്കൽ’ എന്ന്‌ ആക്ഷേപം. ജനുവരി 22വരെ പട്ടികയിൽ പേരുചേർക്കാൻ അവസരമുണ്ടെന്ന അറിയിപ്പിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് അപേക്ഷിച്ചത്‌. എന്നാൽ ലഭിച്ച അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കാനോ ഫീൽഡ് തല സൂക്ഷ്മപരിശോധനയ്ക്കായി ബിഎൽഒമാർക്ക്‌ കൈമാറാനോ അധികൃതർ തയ്യാറാകാത്തത് ദുരൂഹമാണ്‌.


കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപും പിൻപുമായി ലഭിച്ച അപേക്ഷകൾ കെട്ടിക്കിടക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിഎൽഒമാർ ഇതിനകം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പരാതി നൽകിയിട്ടുണ്ട്‌. അപേക്ഷകൾ താഴെത്തട്ടിലേക്ക് കൈമാറുന്നുണ്ടെന്ന് സിഇഒ ഓഫീസ്‌ പറയുന്നു. എന്നാൽ അത്തരം നിർദേശം ലഭിച്ചിട്ടില്ലെന്ന്‌ ഇആർഒമാർ വ്യക്തമാക്കുന്നു.


പുതിയ വോട്ടർമാർക്കുള്ള ഫോം ആറിലും പ്രവാസികൾക്കുള്ള ഫോം ആറ് എയിലുമായി അപേക്ഷകളുടെ വൻ പ്രവാഹമാണ്. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഫോം ആറിൽ 3,72,383 പേരും ഫോം ആറ് എയിൽ 32,925 പ്രവാസികളും അപേക്ഷിച്ചിരുന്നു. കരട് പട്ടിക വന്നശേഷം 1,32,852 പുതിയ അപേക്ഷകരും 31,056 പ്രവാസികളും പട്ടികയിൽ ഇടംപിടിക്കാൻ കാത്തിരിക്കുകയാണ്. മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കാനുള്ള ഫോം ഏഴിലെ അപേക്ഷകളിലും നടപടിയുണ്ടായിട്ടില്ല. വെരിഫിക്കേഷൻ പൂർത്തിയാക്കാതെ ഈ അപേക്ഷകൾ അവസാനനിമിഷം കൂട്ടത്തോടെ ബിഎൽഒമാർക്ക് കൈമാറുന്നത് പ്രതിസന്ധിയുണ്ടാക്കും. അപേക്ഷകൾ കൂട്ടത്തോടെ ഒരേസമയം ബിഎൽഒമാർക്ക് ലഭിച്ചാൽ അവ പരിശോധിച്ച് ഇആർഒമാർക്ക്‌ തിരിച്ചയക്കുക എന്നത് അസാധ്യമാകും. ഇതിനുപുറമെ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി വിതരണം ചെയ്യേണ്ട എസ്ഐആർ നോട്ടീസുകൾ കൂടിയാകുമ്പോൾ ഉദ്യോഗസ്ഥർക്ക് ജോലിഭാരം ഇരട്ടിയാകും.


പുറത്തായവരെ പുനഃസ്ഥാപിക്കൽ : അവസരമുണ്ടായിട്ടും നിർദേശിക്കാതെ തെര. കമീഷൻ

സംസ്ഥാനത്തെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി പുറത്തായ 24 ലക്ഷത്തിലധികം പേരിൽ അർഹരായവരെ പുനഃസ്ഥാപിക്കുന്നതിൽ തെരഞ്ഞെടുപ്പ്‌ കമീഷന്‌ അനങ്ങാപ്പാറ നയം. കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരെ പുനഃസ്ഥാപിക്കാൻ ബിഎൽഒമാർക്ക്‌ പ്രത്യേക പോർട്ടൽ സൗകര്യമുണ്ടായിട്ടും പ്രയോജനപ്പെടുത്താൻ നിർദേശം നൽകാത്തതാണ്‌ പ്രതിസന്ധിയായത്‌.


ഫോം ആറ് വഴി പുതിയ വോട്ടറെ ചേർക്കുന്പോൾ, അപേക്ഷകൻ പുതിയ വോട്ടറാണോ അതോ പട്ടികയിലുണ്ടായിരുന്ന ആളാണോ എന്ന് ക്രമീകരിക്കാം പട്ടികയിൽനിന്ന് പുറത്തായവരെ ‘നിലവിലുള്ള വോട്ടർ' എന്ന വിഭാഗത്തിൽ പുനഃസ്ഥാപിക്കാനും കഴിയും‌ എന്നാൽ, ഈ സാങ്കേതിക സൗകര്യം ബിഎൽഒമാരെ അറിയിക്കാനോ ആവശ്യമായ പരിശീലനം നൽകാനോ കമീഷൻ തയ്യാറായിട്ടില്ല. പുറത്തായ വോട്ടർമാരിൽ അധികംപേരും ‘പുതിയ വോട്ടർ’ എന്ന വിഭാഗത്തിലാണ്‌ അപേക്ഷ നൽകിയിരിക്കുന്നത്‌. നടപടിക്രമങ്ങൾക്ക്‌ കൂടുതൽ സമയമെടുക്കുകയും വോട്ടർക്ക്‌ പുതിയ എപിക്‌ നമ്പർ നൽകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.


സംസ്ഥാനത്ത് പുതുതായി നിയമിതരായ 5003 പേരുൾപ്പെടെയുള്ള 30,471 ബിഎൽഒമാർക്ക് വോട്ടർപ്പട്ടിക പുതുക്കൽ പ്രക്രിയയെക്കുറിച്ചോ എസ്ഐആർ നടപടികളെക്കുറിച്ചോ വേണ്ടത്ര ധാരണയില്ലെന്നത് പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. പട്ടികയിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനായില്ലെന്നും സ്ഥലത്തില്ലെന്നും മരിച്ചെന്നും കാണിച്ചാണ്‌ ലക്ഷക്കണക്കിനുപേരെ ഒറ്റയടിക്ക് പുറത്താക്കിയത്. എസ്ഐആർ നടപടി ആരംഭിക്കുംമുമ്പ് ഒക്ടോബറിൽ 2,78,50,855 വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത്, കഴിഞ്ഞ മാസം പുറത്തിറങ്ങിയ കരട് പട്ടികയിൽ ഇത് 2,54,42,352 ആയി കുറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home