കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്കുള്ള മൊത്തം നിക്ഷേപം ഏകദേശം 6,000 കോടിയായി ഉയർന്നിട്ടുണ്ടെന്ന് കേരള സ്‌റ്റാർട്ടപ് മിഷൻ അറിയിച്ചു
print edition സ്‌റ്റാർട്ടപ് ഫണ്ടിങ് ഇരട്ടിയായി ; 9 മാസം നേടിയത് 132.5 കോടി

കൊച്ചി
കേരളത്തിലെ സ്‌റ്റാർട്ടപ്പുകൾ സമാഹരിച്ചത് കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലധികം ഫണ്ട്. ഇൗ വർഷം സെപ്‌തംബർവരെയുള്ള ആദ്യ ഒന്പത് മാസത്തിനുള്ളിൽ സമാഹരിച്ചത് 132.5 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ സമാഹരിച്ചത് 54.16 കോടിയായിരുന്നു. കേരള സ്‌റ്റാർട്ടപ് മിഷൻ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകൾ ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് ഡാറ്റാ അധിഷ്ഠിത ഗവേഷണ പ്ലാറ്റ്‌ഫോമായ ട്രാക്ക്‌സൻ പുറത്തുവിട്ട കേരള ടെക് ഇക്കോസിസ്റ്റം റാപ്പ് റിപ്പോർട്ട് പറയുന്നു. കേരളത്തിൽനിന്നുള്ള ഉയർന്ന വളർച്ചസാധ്യതയുള്ള സംരംഭങ്ങൾ തെരഞ്ഞെടുക്കാൻ നിക്ഷേപകർ തയ്യാറായതോടെയാണ് ഇത് സാധ്യമായതെന്നും റിപ്പോർട്ടിലുണ്ട്.
കേരളത്തിന്റെ സാങ്കേതിക ആവാസവ്യവസ്ഥ കൂടുതൽ വികസിക്കുകയാണെന്നതിന്റെ തെളിവാണ് റിപ്പോർട്ടെന്ന് വിദഗ്‌ധർ പറയുന്നു. കേരളത്തിലെ ശക്തമായ വിദ്യാഭ്യാസ അടിത്തറയും ഉയർന്നുവരുന്ന ഇന്നൊവേഷൻ ഹബ്ബുകളുമെല്ലാം ഇൗ ആവാസവ്യവസ്ഥയുടെ കരുത്ത് വർധിപ്പിക്കുന്നതായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം നഗരത്തിലെ സ്റ്റാർട്ടപ്പുകളാണ് കൂടുതൽ സമാഹരിച്ചത്. 127 കോടി. കൊച്ചിയിലെ സ്‌റ്റാർട്ടപ്പുകൾ 5.21 കോടിയും സമാഹരിച്ചു. ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ചത് നേത്രസെമി സ്‌റ്റാർട്ടപ്പാണ്. 111.7 കോടി.
കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്കുള്ള മൊത്തം നിക്ഷേപം ഏകദേശം 6,000 കോടിയായി ഉയർന്നിട്ടുണ്ടെന്ന് കേരള സ്‌റ്റാർട്ടപ് മിഷൻ അറിയിച്ചു. കേരള സ്‌റ്റാർട്ടപ് മിഷൻ പിന്തുണയോടെ 7400 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. നേരിട്ടും അല്ലാതെയുമായി മൊത്തം 74,000 തൊഴിലുകൾ ഈ ഘട്ടത്തിൽ സൃഷ്ടിച്ചു. ഈ കാലയളവിൽ സ്റ്റാർട്ടപ്പുകൾക്ക് കേരള സ്‌റ്റാർട്ടപ് മിഷൻ വഴി നേരിട്ട് 51,39,08,675 രൂപയുടെ സാമ്പത്തികപിന്തുണ നൽകി. ഗ്രാന്റായും സീഡ് ലോൺ വഴിയും പേറ്റന്റ് സപോർട്ട് ഇനങ്ങളിലുമായാണ് ഇൗ തുക നൽകിയത്. അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായി 63 ഇൻക്യുബേറ്ററുകളും 557 മിനി ഇൻക്യുബേറ്ററുകളും സ്ഥാപിച്ചു.









0 comments