മുഖ്യമന്ത്രി കാണാൻ അനുവദിച്ചില്ല: ജി സുകുമാരൻനായർ

ചങ്ങനാശേരി
:മുഖ്യമന്ത്രി വി ഡി സതീശനെ കാണാൻ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും സമയം അനുവദിച്ചില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇനി സതീശനെ കാണാൻ പോകില്ല. മുഖ്യമന്ത്രി പല സമുദായ നേതാക്കളെയും അന്വേഷിച്ച് പോകുന്നുണ്ട്.
എൻഎസ്എസ് ആ സ്ഥാനത്ത് വന്നില്ലെങ്കിലും കുഴപ്പമില്ല.
ഇനി ഇവരെ ആരെയും കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻനായർ എൻഎസ്‌എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനത്തിനിടെ പറഞ്ഞു.
സ്വന്തം കാര്യത്തിനല്ല, മുമ്പ് നൽകിയ നിവേദനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനാണ് സതീശനെ കാണാൻ ശ്രമിച്ചത്. എൻഎസ്എസിനെ ആര് വിചാരിച്ചാലും ഒരു ചുക്കും ചെയ്യാൻ കഴിയില്ല. എൻഎസ്എസിനെയും നേതൃത്വത്തെയും വർഗീയവാദികളാക്കാനാണ് വി ഡി സതീശൻ ശ്രമിച്ചത്.
എല്ലാ മേഖലയിലും എൻഎസ്‌എസിനെ എതിർക്കാൻ ശ്ര മിക്കുകയാണ്. എൻഎസ്എസിനെതിരെ നിൽക്കുന്നവർക്ക് സ്ഥാനമാനംനൽകി കൂടെനിർത്തി സമുദായത്തെ തകർക്കാൻ ശ്രമിക്കുന്നു. ഇത് വിലപ്പോകില്ലെന്നും സുകുമാരൻനായർ പറഞ്ഞു.
എൻഎസ്എസ് നിയമാവലിയിൽ ഭേദഗതി വരുത്തി
ചങ്ങനാശേരി
: നായർ സർവീസ് സൊസൈറ്റിയുടെ നിയമാവലിയിൽ ഭേദഗതി വരുത്തി. മുമ്പ് ആദായനികുതി ചട്ടമനുസരിച്ച് പ്രവർത്തനം ഇന്ത്യയിലെവിടെയും എ ന്നായിരിന്നു. എന്നാൽ സൊസൈറ്റിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും കേരള സംസ്ഥാനത്ത് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതും അപ്രകാരം തന്നെ തുടരുന്നതായിരിക്കുമെന്നും നിയമാവലി ഭേദഗതിയിലൂടെ കൊണ്ടുവന്നിട്ടുണ്ട്.
സൊസൈറ്റി വക വസ്തുക്കളും അവയിൽ നിന്നുണ്ടാകുന്ന ആദായങ്ങളും മെമ്മോറാണ്ടത്തിൽ വിവരിച്ചിട്ടുളള സൊസൈറ്റി ഉദ്ദേശ്യങ്ങൾക്ക് മാത്രമേ ചെലവിടാൻ പാടുള്ളൂ. സൊസൈറ്റിയുടെ വരുമാനത്തിൽനിന്നോ ഫണ്ടിൽ നിന്നോ അംഗങ്ങൾ, ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഗവേണിങ് ബോഡി അംഗങ്ങൾ മുതലായവർക്ക് ലാഭമായോ ലാഭവിഹിതമായോ പലിശ ഇനത്തിലോ സമാനമായ മറ്റ് ഇനത്തിലോ ഒരു തുകയും നൽകാൻ പാടില്ല.
സൊസൈറ്റിയിലെ ഉദ്യോഗസ്ഥർക്കോ വേലക്കാർക്കോ അവരുടെ ജോലിക്ക് പ്രതിഫലമായി ഏതെങ്കിലും ആദായം നൽകാൻ മേൽപറഞ്ഞ നിയമം ബാധകമല്ല. സൊസൈറ്റിയിലെ ഏതെങ്കിലും അംഗങ്ങൾക്കോ മറ്റാളുകൾക്കോ സൊസൈറ്റിക്കുവേണ്ടി തങ്ങൾ ചെയ്യുന്ന ഏതെങ്കിലും പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്നതിനും മേൽവിവരിച്ച നിയമം പ്രതിബന്ധമല്ലെന്നും പുതുക്കിയ നിയമാവലിയിൽ പറയുന്നു.
സംഘടന സമീപകാലയളവിലൊന്നും ഇത്തരം ഭേദഗതി വരുത്തിയിട്ടില്ല.









0 comments