print edition വെള്ളരിവയലിൽനിന്ന് വെള്ളിത്തിരയിലേക്ക്

1998 ലെ ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന പുരസ്-കാരം (ചിന്താവിഷ്ടയായ ശ്യാമള) ശ്രീനിവാസന്‍ മുഖ്യമന്ത്രി ഇ കെ നായനാരില്‍നിന്ന് ഏറ്റുവാങ്ങുന്നു
കണ്ണൂർ: പാട്യമെന്ന നാട്ടിൻപുറത്തിന്റെ നന്മയും സ്‌നേഹവും മനസ്സിൽ സൂക്ഷിച്ച നടനായിരുന്നു ശ്രീനിവാസൻ. പാട്യം കോങ്ങാറ്റയിലെ വെള്ളരിവയലിൽനിന്ന് ആരംഭിച്ച അഭിനയമാണ് വെള്ളിത്തിരയിൽ വിസ്‌മയംതീർത്ത നടനെ, കഥാകാരനെ സൃഷ്ടിച്ചത്. സിനിമയിലെ സൗന്ദര്യസങ്കൽപ്പങ്ങളെ പൊളിച്ച് ഇൗ കറുത്ത് കുറിയ മനുഷ്യൻ അഭിനയത്തിലും കഥയിലും തിരക്കഥയിലുമെല്ലാം വേറിട്ട വഴിതുറന്നു.
പാട്യം എന്ന രണ്ടരക്ഷരം പ്രശസ്‌തമായത് കമ്യൂണിസ്‌റ്റ് നേതാവ് പാട്യം ഗോപാലനിലൂടെയാണ്. ആ കമ്യൂണിസ്‌റ്റ് നേതാവിനെ ജീവിതാന്ത്യംവരെ ഹൃദയത്തോട് ചേർത്തുനിർത്തിയിരുന്നു ശ്രീനിവാസൻ. സ്‌കൂളിൽ പഠിക്കുന്പോൾ പാട്യത്തെ കണ്ട ഓർമ ശ്രീനിവാസൻ പങ്കിട്ടത് ഇങ്ങനെയാണ്: ‘‘ഞങ്ങളെ പോലുള്ള ചെറിയ കുട്ടികളെ ദൂരെനിന്ന് കണ്ടാൽ ഗോപാലേട്ടൻ ചിരിക്കുമായിരുന്നു. അടുത്തത്തെത്തിയാൽ വിശേഷം ചോദിക്കും. അദ്ദേഹത്തെപ്പോലെ സ്‌നേഹവും ബഹുമാനവും ആദരവും തോന്നിയ മറ്റൊരു മനുഷ്യനില്ല’’.
നാടകം വഴി സിനിമയിലേക്ക്
കുട്ടിക്കാലംമുതലേ നാടകത്തോട് ശ്രീനിവാസന് വല്ലാത്ത അഭിനിവേശമായിരുന്നു. ജ്യേഷ്‌ഠൻ രവീന്ദ്രനും നാടകപ്രവർത്തകനായിരുന്നു. അക്കാലത്ത് വയലിലെ വെള്ളരിക്കൃഷിക്ക് രാത്രികാവൽ പതിവുണ്ട്. പലദിവസങ്ങളിലും വയലിൽ നാടകമുണ്ടാകും. അവയിലെ പ്രധാന വേഷക്കാരൻ ശ്രീനിവാസനാവും. നാട്ടിൻപുറത്തെ വായനശാലകൾക്കും ക്ലബ്ബുകൾക്കും വേണ്ടി നാടകങ്ങൾ അവതരിപ്പിച്ചു. കക്ഷിരാഷ്‌ട്രീയത്തിൽ താൽപ്പപര്യം ഉണ്ടായിരുന്നില്ലെങ്കിലും പാർടിവേദികളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ദിരഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം പേരാക്കി അവതരിപ്പിച്ച നാടകത്തെ പാട്യം ഗോപാലനടക്കം അഭിനന്ദിച്ചത് അടുത്തയിടെയും ശ്രീനിവാസൻ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. കലിക്കറ്റ് യൂണിവേഴ്‌സിറ്റി എ സോൺ കലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതാണ് അഭിനയത്തോട് കൂടുതൽ അടുപ്പിച്ചത്. അപ്പോഴും തന്റെ നിറവും രൂപവും സിനിമയ്ക്ക് ചേരുമോ എന്ന് ശ്രീനിവാസൻ സംശയിച്ചു. ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരാനായിരുന്നു ആദ്യ ആലോചന. അവിടെ അപേക്ഷിക്കാൻ നാടകരംഗത്തുള്ളവരുടെ ശുപാർശ ആവശ്യമായിരുന്നു. അക്കാലത്ത് ഒരു നാടകം അവതരിപ്പിക്കാൻ തലശേരിയിൽ വന്ന എൻ എൻ പിള്ളയെ കണ്ട് ആവശ്യം ഉന്നയിച്ചു. ‘നിങ്ങൾ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ, നിങ്ങളെ എനിക്ക് അറിയില്ലല്ലോ’ എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് സർട്ടിഫിക്കറ്റോ പത്രക്കട്ടിങ്ങോ ഒന്നും എടുത്തില്ലെന്ന് ചിന്തിച്ചത്. ഒടുവിൽ മദ്രാസ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. അവിടേക്ക് അയച്ച അപേക്ഷയിലെ തന്റെ ഫോട്ടോ കണ്ട് പരിഹസിച്ചവർക്ക് ശ്രീനിവാസൻ നൽകിയ മറുപടിയാണ് പ്രവേശനം എളുപ്പമാക്കിയത്.
നായകന്റെ വീട്ടിൽ പണിക്ക് നിൽക്കുന്നവനും കാറോടിക്കുന്നവനും സുന്ദരൻ ആവണമെന്നില്ലല്ലോ എന്നായിരുന്നു ശ്രീനിത്വമുള്ള മറുപടി. ചലച്ചിത്രത്തിൽ ഉയരങ്ങൾ കീഴടക്കുന്പോഴും നാടും നാട്ടുകാരുമായി ഉൗഷ്‌മളബന്ധം തുടർന്നു. കഴിഞ്ഞ ഏപ്രിൽ നാലിന് പാട്യം വെസ്‌റ്റ് യുപി സ്‌കൂളിന്റെ 118–ാം വാർഷികാഘോഷത്തിലാണ് ശ്രീനിവാസൻ ഒടുവിൽ നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുത്തത്.










0 comments