ad
Deshabhimani

print edition നമ്മളല്ലേ സ്‌ക്രീനിൽ

SREENIVASAN
avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Dec 21, 2025, 12:23 AM | 2 min read

സ്‌ക്രിനിലെത്തുന്ന കഥാപാത്രത്തെ കാണുമ്പോൾ പ്രേക്ഷകന്‌ അത്‌ നമ്മൾ തന്നെയല്ലേ എന്ന്‌ തോന്നിപ്പിക്കുന്ന ഒരു രസതന്ത്രമാണ്‌ ശ്രീനിവാസൻ. തിരക്കഥാകൃത്തായും കഥാപാത്രമായുമെല്ലാം ശ്രീനിവാസൻ എത്തുമ്പോൾ പലപ്പോഴും പ്രേക്ഷകന്‌ തിരശ്ശീലയിൽ ഒരു സ്വയംകാഴ്‌ച സാധ്യമാക്കിയിട്ടുണ്ട്‌. സർഗാത്മകതയ്‌ക്കും ഭാവനയ്‌ക്കും മുകളിൽ കഥാപാത്രസൃഷ്ടിക്കായി സാമൂഹ്യ യാഥാർഥ്യങ്ങളിലേക്കുള്ള എത്തിനോട്ടംകൂടിയാണ്‌ ഇത്‌ സാധ്യമാക്കിയത്‌. കഥാപാത്രങ്ങൾ സ്വയം അപഹാസ്യനായി അതിൽനിന്ന്‌ തമാശ സൃഷ്ടിക്കുന്ന രീതിയും എഴുത്തിലുണ്ട്‌. ഇതിൽ പല കഥാപാത്രങ്ങളും ശ്രീനിവാസൻതന്നെയാണ്‌ ചെയ്‌തതും. എഴുത്തിലെ മിടുക്ക്‌ അഭിനയത്തിലും സൂക്ഷിച്ചു.

മലയാളി ജീവിതത്തെ വിമർശനാത്മകമായി കാണാൻ ശ്രമിച്ച എഴുത്തുകാരന്റെ നീക്കിയിരുപ്പ്‌ അഭിനയത്തിലേക്കും പകർന്നിട്ടു. ​


ശോഭ ചിരിക്കുന്നില്ലേ


​‘വടക്കുനോക്കിയന്ത്രം’ യുവാവിന്റെ അപകർഷബോധത്തിന്റേയും സംശയരോഗത്തിന്റേയും കഥയാണ്. ഉയരക്കുറവും നിറവ്യത്യാസവും കാരണം അരക്ഷിതാവസ്ഥ നേരിടുന്നയാൾ. സുന്ദരിയായ പെൺകുട്ടിയുമായുള്ള വിവാഹം, തുടർന്ന്‌ അയാളുടെ ജീവിതത്തിലുണ്ടാകുന്ന പൊരുത്തക്കേടുകൾ. തളത്തിൽ ദിനേശനായി ശ്രീനിവാസൻ അഭിനയിച്ച ചിത്രത്തിൽ ഭാര്യയെ ചിരിപ്പിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളുണ്ട്‌. അതെല്ലാം പരാജയപ്പെടുമ്പോഴാണ്‌ പ്രേക്ഷകനെ ചിരിപ്പിച്ച ‘ശോഭക്ക് തമാശ ശരിക്ക് അങ്ങ്ട് മനസ്സിലായില്ല അല്ലെ’ എന്ന ഐകോണിക്‌ സംഭാഷണം. ശ്രീനിവാസൻ രചനയും സംവിധാനം നിർവഹിച്ച ചിത്രത്തിൽ കേൾക്കുമ്പോൾ ചിരി വരുന്നുവെങ്കിലും സ്വയം പരിഹാസ്യനായാണ്‌ ശ്രീനിവാസൻ ആ തമാശ സൃഷ്ടിച്ചത്‌.


Screenshot from 2025-12-21 00-22-49

​വടക്കുനോക്കിയന്ത്രം സിനിമയില്‍ ശ്രീനിവാസനും പാര്‍വ്വതിയും


‘മുത്താരംകുന്ന് പിഒ’യിലെ പോസ്റ്റ്‌മാൻ ദേവ്‌ ആനന്ദ്‌ വളരെ ഗൗരവത്തോടെ നടത്തുന്ന ‘പ്രഖ്യാപനങ്ങൾ’ പക്ഷേ, ചിരി ഉണർത്തുന്നതായിരുന്നു. പോസ്റ്റ്‌മാനായ ശ്രീനിവാസൻ കഥാപാത്രം മേലുദ്യോഗസ്ഥനായ പോസ്റ്റ്‌മാസ്റ്റർ ദിലീപ്‌ കുമാറിനോട്‌ (മുകേഷ്‌) ‘നിങ്ങൾ മാറും, മാറ്റിക്കും’ എന്നത്‌ പോലെയുള്ള നിരവധി രംഗങ്ങളുണ്ട്‌. തന്റെ രചനയിൽ താൻതന്നെ കഥാപാത്രമാകുമ്പോൾ പലപ്പോഴും ശ്രീനിവാസൻ ശ്രമിച്ചിട്ടുള്ളത്‌ തന്റെ കഥാപാത്രത്തെ അപഹസിച്ചുകൊണ്ട്‌ നർമം സൃഷ്ടിക്കാനാണ്‌. ഉദയനാണ്‌ താരത്തിലെ സൂപ്പർസ്റ്റാർ സരോജ്‌ കുമാർ ഈ സങ്കൽപ്പത്തിൽ ഉടലെടുത്ത കഥാപാത്രസൃഷ്ടിയാണ്‌. അയാളുടെ ചേഷ്ടകളും വീമ്പുമെല്ലാം പ്രേക്ഷകന്‌ ചിരിമുഹൂർത്തമാണ്‌. എന്നാൽ, ഓരോ രംഗത്തിലും സ്വയം പരിഹാസ്യനാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. മലയാള സിനിമയിൽ പൊതുവിൽ മറ്റുള്ളവരെ പരിഹസിച്ച്‌ ചിരി സൃഷ്ടിക്കുന്നയിടത്താണ്‌ ഇത്തരമൊരു അപനിർമിതി ശ്രീനിവാസൻ കൊണ്ടുവന്നത്‌. ​


പെണ്ണുകാണൽ സ്വകാര്യകാര്യമാണ്


​ഏറെ പ്രതീക്ഷയോടെ നടത്തുന്ന പെണ്ണുകാണലിൽ തന്റെ സങ്കൽപ്പങ്ങളിലുള്ള ആളല്ല എന്ന്‌ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗോപാലകൃഷ്ണനോട്‌ പെൺകുട്ടി പറയുന്നതാണ്‌ ‘പാവം പാവം രാജകുമാരനി’ലെ ആദ്യ രംഗം. മാനസികമായി ഉണ്ടാകുന്ന ഈ തകർച്ചയെ മറച്ചുവയ്‌ക്കാൻ ഗോപാലകൃഷ്ണൻ നടത്തുന്ന ശ്രമങ്ങൾ ചിരിമുഹൂർത്തങ്ങളാണ്‌. പെണ്ണുകാണൽ സ്വകാര്യകാര്യമാണ്‌, പൊതു ഇടത്തിൽ പറയേണ്ട എന്ന്‌ ഓർമപ്പെടുത്തുമ്പോൾ അതിനുവരുന്ന മറുപടികൾ ചിരിപ്പിക്കുന്നതാണ്‌. എന്നാൽ, ഒപ്പമുള്ള സുഹൃത്തുക്കൾ അയാളെ കോമാളിയാക്കാൻ നടത്തുന്ന കാര്യങ്ങൾ തമാശയെന്ന പേരില്‍ അവതരിപ്പിക്കുമ്പോൾ ഗോപാലകൃഷ്ണൻ പരിഹാസപാത്രമാകുകയാണ്‌.

അതേസമയം, സൗഹൃദങ്ങൾ പാരയാവുന്ന വശംകൂടി വരച്ചിടുന്നുണ്ട്‌. ​മരണം മുന്നിലുണ്ടെന്ന്‌ വിശ്വസിച്ച്‌ ധീരനായി മാറുന്ന ‘ആനവാൽ മോതിര’ത്തിലെ സി ഐ ജെയിംസ് പള്ളിത്തറ, ‘ഓടരുതമ്മാവാ ആളറിയാം’ സിനിമയിലെ ഭക്തവൽസലൻ തുടങ്ങി നിരവധി സിനിമകളിൽ കഥാപാത്രങ്ങളിൽ പ്രേക്ഷകരും തിരശ്ശീലയിലെ അഭിനേതാവും ഒന്നാക്കുന്ന ശ്രീനീ ഇന്ദ്രജാലമുണ്ട്‌. കേവലം തമാശപ്പടങ്ങളാകാതെ മനുഷ്യജീവിതത്തിന്റെ പ്രയാസങ്ങളും പ്രതിസന്ധികളും ഉൾചേർക്കുകയും ചെയ്‌തിട്ടുണ്ട്‌. ​


സൗഹൃദകൂട്ട് ​


മലയാള സിനിമയിലെ ആഘോഷിക്കപ്പെട്ട പല സൗഹൃദങ്ങളും സൃഷ്ടിക്കപ്പെട്ടത്‌ ശ്രീനിവാസന്റെ രചനയിലാണ്‌. അതിലെല്ലാം കഥാപാത്രമായും അദ്ദേഹം എത്തി. ‘നാടോടിക്കാറ്റി’ലെ ദാസനും വിജയനും, ‘കഥപറയുമ്പോഴി’ലെ ബാലനും അശോക്‌ രാജും. മോഹൻലാൽ അവതരിപ്പിച്ച ദാസനും ശ്രീനിവാസന്റെ വിജയനും മലയാള സിനിമയിലെ സൗഹൃദത്തിന്റെ ഐക്കണായി പ്രതിഷ്ഠിക്കപ്പെട്ടതാണ്‌. കഥപറയുമ്പോഴിൽ ശ്രീനിവാസൻ ബാലൻ എന്ന ബാർബറായപ്പോൾ സൂപ്പർസ്റ്റാർ അശോക്‌രാജായി മമ്മൂട്ടിയുമെത്തി. എല്ലാവരും ആഗ്രഹിക്കുന്ന കൂട്ടുകാരൻ എന്ന തലത്തിലേക്ക്‌ ചേർത്തുവയ്‌ക്കാൻ കഴിഞ്ഞതുകൂടിയാണ്‌ ഈ സിനിമകളുടെ വലിയ നേട്ടമായത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home