ചിക്കമഗളൂരുവിൽ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം തലയ്ക്കേറ്റ പരിക്ക്, സംസ്‌കാരം ഇന്ന്

പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. മരണം വീഴ്ച മൂലമുണ്ടായതാണെന്നും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശ്രീനന്ദയുടെ മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും.
പത്ത് മണി വരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പത്തരയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ചൊവ്വാഴ്ച വൈകിട്ടാണ് ചിക്കമഗളൂരു മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ശ്രീനന്ദയെ കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ യാത്ര പോയത്.
കാണാതായി നാലാം ദിവസം വെള്ളിയാഴ്ച ഉച്ചയോടെയാണ് 1500 അടി താഴ്ചയിലുള്ള മലയിടുക്കിലെ മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ആദ്യം മുതൽക്കേ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. കുട്ടി വീണുവെന്ന് പറയുന്ന സ്ഥലത്ത് നേരത്തെ തിരച്ചിൽ നടത്തിയിരുന്നതായും അന്ന് അവിടെ മൃതദേഹം കണ്ടിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.
മണംപിടിച്ചുവന്ന പൊലീസ് നായ ഓടിയത് മൃതദേഹം കണ്ടെത്തിയതിന് വിപരീത ദിശയിലേക്കാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക പൊലീസ് അറിയിച്ചു. കേരള പൊലീസിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. നടപടിക്രമങ്ങൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.










0 comments