ശ്രീകാര്യം കൊലപാതകം; അഭിറാമിന്റെ സംസ്കാരം ഇന്ന്

കഴക്കൂട്ടം : ശ്രീകാര്യത്ത് കൊല്ലപ്പെട്ട അഭിറാമിന്റെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധൻ രാവിലെ 10 മുതൽ 11.30 വരെ പാങ്ങപ്പാറയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 12ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കരിക്കും. അഭിരാമിന്റെ സഹോദരി വിദേശത്തുനിന്ന് ബുധൻ രാവിലെ എത്തും.
തിങ്കളാഴ്ചയാണ് ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയായ അഭിറാമിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശ്രീകാര്യം കല്ലമ്പള്ളി പുതുവൽ പുത്തൻവീട്ടിൽ ഉമർ മുഫ്‌താർ (23), കഴക്കൂട്ടം വനിതാ ഐടിഐ വിദ്യാർഥിനി അനന്ദ (18) എന്നിവരും മറ്റൊരു 17കാരനുമാണ് അറസ്റ്റിലായത്. പ്രണയബന്ധത്തെത്തുടർന്നുള്ള തർക്കത്തെതുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അഭിറാമിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്.








0 comments