കാലടി സർവകലാശാല
സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി വിദ്യാർഥികൾ, പരീക്ഷയ്ക്കെത്തിയത് കറുത്ത ബാഡ്ജ് ധരിച്ച്

കാലടി : കാലടി സംസ്കൃത സർവകലാശാലയിൽ സംഘപരിവാർ നിയമിച്ച വി സിയുടെ വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കൂടുതൽ വിദ്യാർഥികൾ. ഇന്ന് പരീക്ഷയെഴുതുന്ന ഒന്നാംവർഷ പിജി വിദ്യാർഥികളാണ് സമരപ്പന്തലിലെത്തിയത്. കറുത്ത ബാഡ്ജ് ധരിച്ചാണ് വിദ്യാർഥികൾ പരീക്ഷയ്ക്കെത്തിയത്. രണ്ട് ദിവസമായി വിദ്യാർഥികൾ നിരാഹാര സമരമിരിക്കുകയാണ്.
പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഗസ്തിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തിയേറ്റർ ആർട്സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങൾ നന്നാക്കുക, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്. എന്നാൽ സമരത്തിനിടെ വി സിയെ ആക്രമിച്ചെന്നു കാണിച്ചാണ് സിസ തോമസ് വിദ്യാർഥികൾക്കെതിരെ പ്രതികാരനടപടിക്കൊരുങ്ങിയത്.
സസ്പെൻഷനിലായ 16 പേരിൽ ആറുപേർ ഗവേഷക വിദ്യാർഥികളാണ്. മറ്റ് 10 വിദ്യാർഥികൾക്ക് ഇന്നുമുതൽ പരീക്ഷയാരംഭിക്കുകയാണ്. സസ്പെൻഷനിലുള്ള വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പരീക്ഷാഫീസ് സ്വീകരിക്കണമെന്നും ഒക്ടോബർ 30ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡോ. സിസ തോമസും സർവകലാശാലയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ചൊവ്വാഴ്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.








0 comments