Deshabhimani

കാലടിയിലെ പരീക്ഷാവിലക്ക്; എസ്എഫ്ഐ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Kalady.jpg
വെബ് ഡെസ്ക്

Published on Nov 04, 2026, 10:08 AM | 1 min read

ന്യൂഡൽഹി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെ എസ്എഫ്ഐ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതിയിൽ. അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി ഇന്ന് പരാമർശിക്കും. അഡ്വ. സുബാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരാകുന്നത്.


പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് പരീക്ഷയെഴുതുന്നതിൽ പ്രതിസന്ധി രൂപപ്പെട്ടത്. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് വിദ്യാർത്ഥികളുടെ നിയമപോരാട്ടം.


സസ്പെൻഷനിലുള്ള വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പരീക്ഷാഫീസ് സ്വീകരിക്കണമെന്നും ഒക്ടോബർ 30ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡോ. സിസ തോമസും സർവകലാശാലയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.


അപ്പീൽ പരിഗണിച്ച ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയത്. പരീക്ഷ എഴുതുന്നതിനുള്ള ഹാജർ ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ വ്യക്തമാക്കിയിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.


സസ്പെൻഷനിലായ 16 പേരിൽ ആറുപേർ ഗവേഷക വിദ്യാർഥികളാണ്. ബാക്കി പത്തുപേർക്കാണ് നവംബർ നാലിന് ആരംഭിക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ട് നേരിട്ട് പ്രതിസന്ധിയുള്ളത്. മതിയായ ഹാജരില്ലെന്നും ഇന്റേണൽ അസസ്‌മെന്റ് പൂർത്തിയാക്കിയിട്ടില്ലെന്നുമുള്ള സർവകലാശാലയുടെ വാദമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. എന്നാൽ 60 ദിവസത്തിലേറെയായി ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനാൽ ഹാജർ നേടാൻ എങ്ങനെ കഴിയുമെന്നാണ് വിദ്യാർഥികളുടെ ചോദ്യം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home