ad
Deshabhimani

സാംസ്‌കാരിക സമുച്ചയ മുറ്റത്ത്‌ ഗുരുവിന്റെ സ‍ൗമ്യസാന്നിധ്യം

sree narayanaguru statue

കൊല്ലത്ത്‌ സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമയ്‌ക്ക്‌ അരികിൽ ശിൽപ്പി ഉണ്ണി കാനായി

avatar
എം അനിൽ

Published on Jan 17, 2026, 11:10 AM | 2 min read

കൊല്ലം : കൈ രണ്ടും മടിയിൽവച്ച്‌ സ‍ൗമ്യഭാവത്തോടെയുള്ള ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിക്കും. ശനിയാഴ്‌ച വൈകിട്ടോടെ കൈതപ്പുറം വണ്ണാത്തിപ്പുഴയുടെ തീരമായ കാനായിൽനിന്നുമാണ് പ്രതിമ എത്തിക്കുന്നത്. സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിക്കുന്ന പ്രതിമ തിങ്കൾ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള പ്രതിമ ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്‌.


ആദ്യം കളിമണ്ണിൽ പ്രതിമ നിർമിച്ച്‌ സാംസ്‌കാരിക വകുപ്പ്‌, ലളിതകലാ അക്കാദമി ഉദ്യോഗസ്ഥരെയും ശിവശിരി മഠത്തിലെ സ്വാമിമാരെയും നേരിൽകാണിച്ച്‌ വിലയിരുത്തി അനുമതി വാങ്ങിയിരുന്നു. കളിമണ്ണിന്‌ പുറത്ത്‌ പ്ലാസ്‌റ്റർഓഫ്‌ പാരീസ്‌ മോൾഡ്‌ ചെയ്‌തും അതിന്റെ മുകളിൽ മെഴുക്‌ ചെയ്‌തും പിന്നീട്‌ പല തരത്തിലുള്ള മണ്ണ്‌ തേച്ചതിനും ശേഷം വെങ്കലം കാസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഏകദേശം 800 കിലോ വെങ്കലമാണ്‌ ഉപയോഗിച്ചത്‌.


കൊല്ലത്ത്‌ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിക്കാനുള്ള ഗുരുവിന്റെ പ്രതിമ ചെയ്യാൻ ലഭിച്ച അവസരം വലിയ അംഗീകാരമായി കാണുന്നുവെന്ന്‌ ഉണ്ണി കാനായി പറഞ്ഞു. സുരേഷ്‌ അമ്മാനപ്പാറ, വിനേശ്‌ കൊയ്‌ക്കീൽ, ബാലൻ പാച്ചേനി, രതീഷ്‌ വിറകൻ, ഷൈൻജിത്ത്‌ കുഞ്ഞുമംഗലം, ടി കെ അഭിജിത്ത്‌, ഉണ്ണിയുടെ മകൻ അർജുൻ കാനായി, സി സുരേശൻ, എം കെ ശ്രീകുമാർ എന്നിവർ പ്രതിമ നിർമാണത്തിൽ സഹായികളായി.


ഉണ്ണി കാനായി; ശിൽപ്പ നിർമാണത്തിലെ പ്രതിഭ

വണ്ണാത്തിപ്പുഴയുടെ തീരത്തെ കളിമണ്ണിൽ ശിൽപ്പങ്ങൾ ചെയ്‌തുശീലിച്ച ഉണ്ണി കാനായി ആദ്യം ശിൽപ്പം നിർമിച്ചു നൽകിയത്‌ അക്ഷരം പകർന്നുനൽകിയ സ്‌കൂളിലേക്ക്‌. കടന്നപ്പള്ളി ഗവ. എച്ച്‌എസ്‌എസിന്റെ തിരുമുറ്റത്തുള്ള ഭാഷാപിതാവ്‌ തുഞ്ചത്ത്‌ എഴുത്തച്ചന്റെ പ്രതിമ നിർമിച്ചത്‌ ഇരുപത്തിയഞ്ചാം വയസിൽ. ഉണ്ണി കനായി എന്ന പേര്‌ അടയാളപ്പെടുത്തി നിരവധി ശിൽപ്പങ്ങളാണ്‌ കേരളത്തിന്‌ അകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുള്ളത്‌.


നമുക്ക്‌ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സർക്കാർ മുൻകൈയെടുത്ത്‌ തിരുവനന്തപുരം മ്യൂസിയത്തിന്‌ സമീപം ശ്രീനാരായണ ഗുരു പാർക്കിൽ സ്ഥാപിച്ച ഗുരുവിന്റെ ശിൽപ്പം, ഗുരുവിന്റെ നവോത്ഥാന കാലഘട്ടം അടയാളപ്പെടുത്തിയ ശിൽപ്പം എന്നിവ ഉണ്ണിയുടെ കൈവിരുന്നിൽ തീർത്തതാണ്‌. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലുള്ള ഇന്ത്യയിലെ വലിയ ശിവ ശിൽപ്പം, ഗുരുവായൂർ ക്ഷേത്രത്തിലെ മഞ്ജുളാൽ ഗരുഡൻ തുടങ്ങിയവ ചിലതുമാത്രം.


മഹാത്മ ഗാന്ധി, പി കൃഷ്‌ണപിള്ള, എ കെ ജി, ഇ എം എസ്‌, എ പി ജെ അബ്‌ദുൾ കലാം, ഇ കെ നായനാർ, കെ കരുണാകരൻ, സി എച്ച്‌ കണാരൻ, കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയവരുടെ പ്രതിമകളും ചെയ്‌തിട്ടുണ്ട്‌. കേരളത്തിൽ ഇതിനകം 84 ഗാന്ധി പ്രതിമ ചെയ്‌തിട്ടുണ്ടെന്ന്‌ ഉണ്ണി കാനായി പറഞ്ഞു. ക്യൂബയിലെ മ്യൂസിയത്തിലും ഉണ്ണിയുടെ പേര്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. പോരാളികളായ ചെഗുവേര, കതിവന്നൂർ വീരൻ എന്നിവർ ഒരുമിച്ചിരിക്കുന്ന നാലടി ഉയരമുള്ള ഉണ്ണി നിർമിച്ച വെങ്കല പ്രതിമ കണ്ണൂരിൽ ഒരു പരിപാടിക്കെത്തിയ ചെഗുവേരയുടെ ചെറുമകൾ അലൈഡ ഗുവേരയ്‌ക്ക്‌ കോടിയേരി ബാലകൃഷ്‌ണൻ കൈമാറിയിരുന്നു. വിഎസ്‌ അച്യുതാനന്ദന്റെ ശിൽപ്പമാണ്‌ ഉണ്ണി ഇനി ചെയ്യുന്നത്‌. ഇതിനുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home