Deshabhimani

ജടായുവിന് ആ​​ദരം; പ്രത്യേക തപാൽ കവർ പുറത്തിറക്കി

jatayu earth centre
വെബ് ഡെസ്ക്

Published on Nov 20, 2026, 10:22 AM | 1 min read

കൊല്ലം : കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തില്‍ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് ഇന്ത്യ പോസ്റ്റ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി. ചടയമംഗലം ജടായു എര്‍ത്ത് സെന്റര്‍ ഓപ്പണ്‍ ഹാളില്‍ നടന്ന ചടങ്ങിൽ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അമിതാബ് സിങ് മന്ത്രി പി സി വിഷ്ണുനാഥിന് നല്‍കി പ്രകാശിപ്പിച്ചു.


കൊല്ലം ചടയമംഗലത്തെ പാറക്കെട്ടിനു മുകളില്‍ ശില്‍പ്പി രാജീവ് അഞ്ചലും സംഘവും ഒരുക്കിയ കൂറ്റന്‍ ജടായു ശിൽപ്പം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ സവിശേഷ അടയാളമാണ്. സമുദ്രനിരപ്പിൽനിന്ന‌് ആയിരം അടി ഉയരത്തിലുള്ള കൂറ്റൻ പാറയിലാണ് 200 അടി നീളത്തിലും 150 അടി വീതിയിലും 70 അടി ഉയരത്തിലും പത്തുവർഷത്തെ കഠിനാധ്വാനത്തിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ പക്ഷിശിൽപ്പമായ ജടായു നിർമിച്ചിട്ടുള്ളത്.


കേരള ടൂറിസം രംഗത്തെ ആദ്യ ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആൻഡ‌് ട്രാൻസ്ഫർ) ടൂറിസം പദ്ധതിയാണിത്. ഒപ്പം സാഹസിക ടൂറിസം കേന്ദ്രവും. കൂറ്റൻ ടവറുകളിൽ സ്ഥാപിച്ച ഗ്ലാസ് ഭിത്തിയുള്ള കേബിൾ കാറിലൂടെയാണ് പാറയുടെ മുകളിലേക്കുള്ള യാത്ര. ദൈർഘ്യം ഏകദേശം ഒരു കിലോമീറ്റർ. ഒരു കാറിൽ എട്ട് പേർക്ക് യാത്ര ചെയ്യാം. ഇത്തരത്തിൽ മണിക്കൂറിൽ 400 പേരെ ജടായു പാറയിലെത്തിക്കാവുന്ന 16 കേബിൾ കാറുകളുണ്ട്.


രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ജഡായു പാറയുടെ സ്ഥാനം. സീതാദേവിയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയ രാവണനെ തടഞ്ഞ ജഡായു എന്ന പക്ഷിരാജൻ ചിറകറ്റുവീണ പാറയാണിതെന്നാണ് സങ്കൽപ്പം. ഐതിഹ്യത്തിൽ ജഡായുമംഗലം എന്നറിയപ്പെട്ട ഈ മലനാട് കാലാന്തരത്തിൽ ചടയമംഗലം എന്നായി. ഇടതു ചിറകറ്റ നിലയിലും വലതു ചിറക് വിടർത്തിയും കൊക്കും കാൽനഖങ്ങളും ഉയർത്തിയും ജഡായു കിടക്കുന്ന രൂപത്തിലാണ് നിർമാണം.


നിതേഷ് തിവാരി സംവിധാനം ചെയ്ത ഹിന്ദി ചിത്രം രാമായണയുടെ റിലീസിനു പിന്നാലെ ഉത്തരേന്ത്യയിൽ നിന്നടക്കം ജടായുപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home