Deshabhimani

കൊല്ലം മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയറ്ററുകളിൽ മാരക ബാക്‌ടീരിയ; ഗുരുതര അണുബാധയുണ്ടാക്കും, ഒഫ്താൽമിക് തിയറ്റർ അടച്ചു

kollam medical college
avatar
സ്വന്തം ലേഖിക

Published on Nov 20, 2026, 10:30 AM | 2 min read

കൊല്ലം : കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്ററുകളിൽ ഗുരുതര അണുബാധയ്‌ക്ക്‌ ഇടയാക്കുന്ന ക്ലബ്‌സിയെല്ല ന്യുമോണിയ ഉൾപ്പെടെ മാരക ബാക്ടീരിയകളുടെ അമിത സാന്നിധ്യം കണ്ടെത്തി. ന്യുമോണിയ, ശ്വാസകോശ അണുബാധ, രക്താണുബാധ, മെനിഞ്ചൈറ്റിസ്‌ എന്നിവയ്ക്ക്‌ ഇടയാക്കുന്ന ബാക്ടീരിയയാണിത്‌. ഗുരുതര സാഹചര്യത്തെത്തുടർന്ന്‌ ഒഫ്താൽമിക് ഓപ്പറേഷൻ തിയറ്റർ അടച്ചു. എന്നാൽ അണുബാധ ഉണ്ടാകുമെന്ന മുന്നറിയിപ്പ്‌ അവഗണിച്ച്‌ മറ്റ്‌ തിയറ്ററുകളിൽ ശസ്‌ത്രക്രിയ തുടരുകയാണ്‌.


കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിലെ തകരാറിനെത്തുടർന്ന്‌ അടുത്തിടെ നടത്തിയ സ്വാബ്‌ പരിശോധനയിലാണ്‌ അണുബാധയ്‌ക്കിടയാക്കുന്ന ബാക്‌ടീരിയയെ കണ്ടെത്തിയത്‌. ശീതീകരണ സംവിധാനത്തിന്‌ തണുപ്പ് കുറഞ്ഞ്‌ അന്തരീക്ഷ താപനിലയും ഈർപ്പവും വർധിച്ചാൽ ഇത്‌ അതിവേഗം പെരുകുമെന്ന്‌ വിദഗ്‌ധർ പറയുന്നു. ഇവയ്‌ക്ക്‌ ചുറ്റും സംരക്ഷണ കവചം ഉള്ളതിനാൽ സാധാരണ അണുനാശിനികളെ പ്രതിരോധിക്കാനും ആശുപത്രി ഉപകരണങ്ങളിലും എസി ഡക്റ്റുകളിലും ദീർഘകാലം നിലനിൽക്കാനും കഴിയും. അണുബാധ സാധ്യത കണക്കിലെടുത്ത്‌ ഒഫ്താൽമിക് ഓപ്പറേഷൻ തിയറ്റർ മാത്രം അടച്ച്‌ മറ്റുള്ളവ പ്രവർത്തിപ്പിക്കണമെന്നാണ്‌ ആരോഗ്യവകുപ്പ്‌ നിർദേശം.

​ഓപ്പറേഷൻ തിയറ്ററിലെ താപനില സാധാരണ18 മുതൽ 21ഡിഗ്രിവരെയും ആപേക്ഷിക ആർദ്രത 40മുതൽ 60ശതമാനം വരെയുമാണ് നിലനിർത്തേണ്ടത്. എന്നാൽ, ഒഫ്താൽമിക് ഓപ്പറേഷൻ തിയറ്ററിലടക്കം ലഭിക്കുന്ന താപനില 26ഡിഗ്രിക്ക് മുകളിലാണ്‌. ആശുപത്രിക്കെട്ടിടം നിർമിച്ചപ്പോൾ 2013ൽ സ്ഥാപിച്ച കേന്ദ്രീകൃത സംവിധാനത്തിലെ കംപ്രസറുകളിൽ രണ്ടെണ്ണം മാത്രമാണ്‌ ഇപ്പോൾ നേരിയ തോതിൽ പ്രവർത്തിക്കുന്നത്‌. ആശുപത്രിയിലെ പ്രധാന എസി യൂണിറ്റ്‌ പ്രവർത്തിക്കുന്നത്‌ മോർച്ചറിക്ക്‌ മുകളിലാണ്‌. ഇവിടെനിന്ന്‌ ടാറിട്ട റോഡിന്‌ അടിയിലൂടെ വലിച്ചിട്ടുള്ള കേബിളുകളിലൂടെയാണ്‌ ശീതീകരണ സംവിധാനം ആശുപത്രിയിൽ എത്തിക്കുന്നത്‌. ഇതനുസരിച്ച്‌ 15ഡിഗ്രി താപനിലയിൽ സംവിധാനം പ്രവർത്തിച്ചാൽ മാത്രമേ തിയറ്ററുകളിൽ 23ഡിഗ്രി താപനിലയെങ്കിലും ലഭ്യമാകൂവെന്ന്‌ സാങ്കേതിക വിദഗ്‌ധർ പറയുന്നു. താപനില ഉയർന്നു നിൽക്കുന്നത്‌ ബാക്‌ടീരിയ പെരുകുന്നതിന്‌ ഇടയാക്കുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

​

ബാക്‌ടീരിയ അപകടകാരി


ക്ലബ്‌സിയെല്ല ന്യുമോണിയ (Klebsiella pneumoniae) എന്നത് മനുഷ്യന്റെ കുടലിലും മലത്തിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരുതരം ബാക്ടീരിയയാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ഗുരുതര അണുബാധയ്‌ക്ക് കാരണമാകും. ശ്വാസകോശം, മൂത്രനാളി, മൂത്രാശയം, വൃക്കകൾ എന്നിവയെ ബാധിക്കുന്നു. ബാക്ടീരിയ രക്തത്തിൽ കലരുന്ന ഗുരുതരമായ അവസ്ഥ, ശസ്ത്രക്രിയ കഴിഞ്ഞ മുറിവുകളിൽ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്‌ക്ക്‌ കാരണമാകും.


ആശുപത്രികളിൽ ഉപയോഗിക്കുന്ന വെന്റിലേറ്ററുകൾ, കത്തീറ്ററുകൾ, ഐവി ട്യൂബുകൾ എന്നിവയിലൂടെയോ ആണ് പകരുന്നത്. ബാക്ടീരിയയുടെ ചില വകഭേദങ്ങൾ സാധാരണ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home