print edition ഡൽഹി സമരത്തിന് ഐക്യദാർഢ്യം; കേസുകൾ ആസൂത്രിതം

തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥികൾക്കെതിരെ കേരള പൊലീസ് കേസെടുത്തത് ആഭ്യന്തരവകുപ്പിന്റെ അറിവോടെ. രാജ്യതലസ്ഥാനത്തെ പൊലീസ് അതിക്രമത്തിനെതിരെ പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും പ്രതിഷേധിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അയ്യായിരത്തോളം വിദ്യാർഥികൾക്കെതിരെ സംസ്ഥാനത്ത് പൊലീസ് കേസെടുത്തത്.
ഡൽഹി സമരത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തിരുന്നു. പൊലീസിന്റെ വിദ്യാർഥിവേട്ടയിൽ പാർലമെന്റിലടക്കം പ്രതിപക്ഷം ശക്തമായി പ്രതിഷേധം തുടരുന്പോഴും കേരളത്തിലെ കേസുകൾ പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കൈമാറിയത് മാത്രമാണ് സർക്കാരിന്റെ ഏക നീക്കം.
എല്ലാ ജില്ലയിലും കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. റാപ്പർ വേടൻ, ഗായകൻ അലോഷി, അവതാരക രഞ്ജിനി ഹരിദാസ്, മാധ്യമ പ്രവർത്തക കെ കെ ഷാഹിന ഉൾപ്പെടെ പ്രമുഖർക്കെതിരെയും കേസെടുത്തു. കണ്ണൂരിൽ വിദ്യാർഥിയായ കശ്യപിനെ റിമാന്റ് ചെയ്‌തു. മിക്കക്കേസുകളിലും പ്രതിഷേധത്തിൽ പങ്കെടുക്കാത്ത കുട്ടികൾ അടക്കം പ്രതികളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും പൊലീസ് വിദ്യാർഥികളെ ക്രൂരമായി വേട്ടയാടി.
ഡൽഹി പ്രക്ഷോഭത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥ കേസുകൾ പിൻവലിക്കുമെന്നാണ്. ഇതിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറിയെന്ന സംശയം ഉയരുന്പോഴാണ് സമരത്തിനൊപ്പമെന്ന് പ്രഖ്യാപിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായ കേരളത്തിൽ ഒരു കേസും പിൻവലിക്കാത്തത്. കേരളത്തിലെ കേസ് പിൻവലിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനും നൽകേണ്ടത് ആഭ്യന്തര വകുപ്പാണ്.
പിണറായി മുഖ്യമന്ത്രിക്ക് കത്തയച്ചു; കേസുകൾ പിൻവലിക്കണം
തിരുവനന്തപുരം: ജന്തർമന്തർ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അയ്യായിരത്തോളം പേർക്കെതിരെ കേസെടുത്തതായാണ് വിവരം.
വിദ്യാർഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടക്കമുള്ള പൊതുസമൂഹം കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാർ കൈകൊണ്ടിട്ടില്ല.
സമാധാനപരമായി സമരത്തിൽ ഭാഗഭാക്കായ വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരെ ഡൽഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാർജും ഉണ്ടായി. അതിന്റെ തുടർച്ചയായാണ് കേസുകൾ രജിസ്റ്റർചെയ്തത്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പർ വേടനും സംഘത്തിനുമെതിരെയും കേസെടുത്തു. ഇത് ജനാധിപത്യവിരുദ്ധമാണ്.
കേന്ദ്ര സർക്കാർ പോലും വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തിൽ എടുത്ത കേസുകൾ തുടരുന്നത് ഉചിതമല്ല’– കത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് നൽകിയ കത്ത് തുടർനടപടിക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു.
കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാർലമെന്ററിപാർടി നേതാവ് കെ രാജനും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.










0 comments