ശബരിമല സ്വർണമോഷണക്കേസ്: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക അറസ്റ്റ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെയും കർണാടകയിലെ വ്യവസായി ഗോവർധനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇരുവർക്കും സ്വർണമോഷണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
ശബരിമലയിൽനിന്ന് ദ്വാരപാലക ശിൽപങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കൾ എത്തിച്ചത് കർണാടകയിലായിരുന്നു. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. തട്ടിയെടുത്ത സ്വർണം വാങ്ങിയത് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഇവരെ ചോദ്യം ചെയ്ത് വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും ഇന്നുതന്നെ കൊല്ലത്തെ കോടതിയിൽ ഹാജരാക്കും.
ശബരിമല ശിൽപപാളി, കട്ടിളപ്പടി സ്വർണമോഷണ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറും കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമായ എസ് ശ്രീകുമാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.










0 comments