print edition മതനിരപേക്ഷതയെ കശാപ്പ് ചെയ്‌ത് കൂട്ടുകെട്ട്

തിരുവനന്തപുരം : ‘ജയിക്കാൻ ആരുടെ വോട്ടും വാങ്ങും. ആരുടെ വോട്ടും വേണ്ടാന്നു പറയില്ല’– നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. നിലന്പൂരിൽ വോട്ടാണ് വാങ്ങിയതെങ്കിൽ തദ്ദേശതെരഞ്ഞെടുപ്പിൽ അത് പരസ്യവും രഹസ്യവുമായ സഖ്യമാക്കി മാറ്റി. തെരഞ്ഞെടുപ്പിൽ മ്രാത്രമല്ല പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പുമുതൽ സ്‌ഥിരംസമിതി അംഗങ്ങളുടെയും അധ്യക്ഷരുടെയും തെരഞ്ഞെടുപ്പുവരെ ഒരുവശത്ത് ബിജെപിയുമായും മറുവശത്ത് എസ്‌ഡിപിഐയും വെൽഫെയർപാർട്ടിയുമായും സഖ്യം ചേർന്നു.
തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള നീക്കുപോക്കുകൾക്കപ്പുറത്ത് വലിയ മാനമുണ്ട് ഇൗ കൂട്ടുകെട്ടിന്. കോലീബി സഖ്യം കേരളരാഷ്‌ട്രീയത്തിന്റെ ചരിത്രത്തിലുണ്ട്. ചിത്രത്തിൽ ഇല്ലാതിരുന്ന ബിജെപിക്ക് മേൽവിലാസം ഉണ്ടാക്കാനുള്ള വളഞ്ഞ വഴിയായി പഴയ ബേപ്പൂർ, വടകര മോഡൽ സഖ്യം. അതിന്റെ പുതിയ പതിപ്പാണ് ഇപ്പോൾ. ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്ന യുഡിഎഫിന് ന്യൂനപക്ഷ വർഗീയസംഘടനകളുമായും ചേരാൻ മടിയില്ലാതായി. അതിന്റെ പരീക്ഷണമായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്. ജമാഅത്തെ ഇസ്ലാമിയെ പരസ്യമായി ഒപ്പംകൂട്ടി അവരുടെ മതരാഷ്‌ട്രവാദത്തിന് ഗുഡ് സർട്ടിഫിക്കറ്റും നൽകി.
യുഡിഎഫ് ഘടകകക്ഷിയെ പോലെയാണ് ജമാഅത്തെ ഇസ്ലാമി പ്രവർത്തിച്ചത്. എസ്‌ഡിപിഐ, ബിജെപി പിന്തുണ രഹസ്യമായും ചിലയിടങ്ങളിൽ പരസ്യമായും നേടി. അതിന്റെ ഏറ്റവും വലിയ പരീക്ഷണശാലയായിരുന്നു തിരുവനന്തപുരം കോർപറേഷൻ. എൽഡിഎഫ് ജയിക്കുമെന്ന് ഉറപ്പുള്ളിടങ്ങളിൽ ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ് വോട്ടുമറിച്ചു. തിരിച്ചും സഹായിച്ചു. ഫലം ബിജെപിക്ക് ആദ്യമായി തിരുവനന്തപുരം കോർപറേഷൻ ലഭിച്ചു. തൃശൂരിലെ മറ്റത്തൂരും കാസർകോട് പൈവളിഗെയിലും പരീക്ഷിച്ചതും ഇതേ രീതിതന്നെ.










0 comments