print edition എസ്‌ഐആറിലെ വെട്ട് തിരുത്തുന്നു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആരോപണങ്ങൾ ശക്‌തമായതിനുപിന്നാലെ കേരളത്തിലും വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിൽ പുറത്തായവരെ ഉൾപ്പെടുത്താൻ നിർബന്ധിതമായി തെരഞ്ഞെടുപ്പ് കമീഷൻ. എസ്‌ഐആർ പരാമർശിക്കാതെ വോട്ടർപട്ടിക പരിഷ്‌കരണം എന്ന പേരിലാണ് അടിയന്തര നടപടി. കഴിഞ്ഞ ദിവസം കലക്‌ടർമാരുടെയും ഇലക്‌ടറൽ രജിസ്റ്റർ ഓഫീസർമാരുടെയും യോഗത്തിൽ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡി സജിത് ബാബു ഇതുസംബന്ധിച്ച് നിർദേശം നൽകി.
15 മുതലാണ് നടപടിക്രമം ആരംഭിക്കുക. കലക്‌ടർമാരോട് വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം അറിയിക്കാനാണ് നിർദേശം. പുതിയ വോട്ടർമാരുടെ പേരും ഉൾപ്പെടുത്തും. എസ്‌ഐആർ എന്ന് ഒരിടത്തും ഉപയോഗിക്കേണ്ടെന്ന് നിർദേശമുണ്ട്. തിടുക്കപ്പെട്ട് നടത്തിയ എസ്‌ഐആറിൽ അർഹരായ നിരവധിപേർ പുറത്താകുകയും അനർഹരെ തിരുകിക്കയറ്റുകയും ചെയ്‌തിരുന്നു. ബിജെപി ഒഴികെ രാഷ്‌ട്രീയപാർടികൾ വിഷയം ഉന്നയിച്ചെങ്കിലും കമീഷൻ സമ്മതിച്ചിരുന്നില്ല. ഇൗ പട്ടിക ഉപയോഗിച്ച് കേരളത്തിലടക്കം തെരഞ്ഞെടുപ്പ് നടത്തി. പലമണ്ഡലങ്ങളിലും ജയിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു ഒഴിവാക്കപ്പെട്ടവരുടെ എണ്ണം. ഗ്യാനേഷ്‌കുമാറിന്റെ നിയമവിരുദ്ധ നടപടികൾ വെളിച്ചത്തായതോടെ എസ്‌ഐആറിൽ പുറത്തായവരെ ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയിരുന്നു.
എസ്ഐആറിന് മുമ്പും ശേഷവുമുള്ള പട്ടികകൾ ബിഎൽഒമാർ താരതമ്യം ചെയ്യും. അർഹരെ, വീടുകൾ കയറിയിറങ്ങി കണ്ടെത്തും. ഇവരിൽനിന്ന് പുതിയ വോട്ടറാകാനുള്ള ‘ഫോം 6’ അപേക്ഷ സ്വീകരിക്കും. സംസ്ഥാനത്ത് അന്തിമ പട്ടികയിൽ 2.69 കോടി പേരാണ് ഉൾപ്പെട്ടത്. 24.50 ലക്ഷം പേരെയാണ് വിവിധഘട്ടങ്ങളിൽ പുറത്താക്കിയത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ തുടങ്ങിയ ജില്ലകളിലായി ആളുകളെ പാർപ്പിച്ച് ബിജെപി കൂട്ടത്തോടെ വോട്ടുകൾ തിരുകിക്കയറ്റിയിരുന്നു. അന്യായമായി വോട്ടർപ്പട്ടികയിൽ ഇടംനേടിയവരെ പുറത്താക്കാൻ നടപടിയില്ലെന്ന ആക്ഷേപവുമുണ്ട്.









0 comments