print edition സിൽവർ ലൈനിന് ഫുൾസ്റ്റോപ്പ്; നവകേരള മിഷനുകൾക്കുനേരെ കോടാലി ഉയരുമോ?

തിരുവനന്തപുരം: അധികാരത്തിലേറിയ ഉടൻ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാർ, കേരളത്തിന്റെ സമഗ്ര വികസനത്തിന് തുരങ്കം വെക്കുന്ന രാഷ്ട്രീയ അജൻഡകൾ ഒന്നൊന്നായി പുറത്തെടുക്കുകയാണ്. ഇതോടെ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജനങ്ങൾ നെഞ്ചേറ്റിയ മറ്റു ജനക്ഷേമ–വികസന പദ്ധതികളുടെ ഭാവി ഇനിയെന്തെന്ന ആശങ്കാജനകമായ ചോദ്യം സജീവമാകുന്നു.
തങ്ങൾ അധികാരത്തിൽ വന്നാൽ ജനപ്രിയ പദ്ധതികൾ പലതും വെട്ടിനിരത്തുമെന്ന് കോൺഗ്രസ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2021ലെയും 2026ലെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ വി ഡി സതീശൻ അടക്കമുള്ള നേതാക്കളാണ് പദ്ധതികൾ തകർക്കുമെന്ന് ഭീഷണിമുഴക്കിയത്.
ഭൂരഹിതർക്കും ഭവനരഹിതർക്കുമായി ഒന്നാം പിണറായി സർക്കാർ ആവിഷ്കരിച്ച, അഞ്ചുലക്ഷത്തോളം കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയ ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ഭവന–ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിനും ഫുൾസ്റ്റോപ്പ് വീഴും.
ജലസംരക്ഷണവും പരിസ്ഥിതി സൗഹൃദവും ഉറപ്പാക്കിയ ഹരിതകേരളം, സർക്കാർ ആശുപത്രികളെ അന്താരാഷ്ട്ര നിലവാരത്തിലാക്കിയ ആർദ്രം, പൊതുവിദ്യാലയങ്ങളെ ആധുനികീകരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച മറ്റു മിഷനുകൾ. മലയോര ജനതയുടെ ചിരകാല സ്വപ്നമായ കോഴിക്കോട്–വയനാട് തുരങ്കപാതയേയും തുടക്കത്തിലേ എതിർത്തു.
‘ടണൽ പ്രോജക്ടോ... വയനാട്ടിൽ പെട്ടെന്ന് എത്താനുള്ള ടണൽ പ്രോജക്ടോ ... അതിനെയൊക്കെ ഞങ്ങൾ എതിർക്കുമെ’ന്നാണ് വി ഡി സതീശൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. കോൺഗ്രസ് തകർക്കാൻ ശ്രമിച്ച കിഫ്‌ബി വഴി 2043 കോടി രൂപ ചെലവിട്ടാണ് തുരങ്കപാത നിർമിക്കുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ -ഫോൺ പദ്ധതിയെയും അപകടമരണം കുറയ്ക്കാൻ നിർണായക പങ്കുവഹിച്ച എഐ കാമറയേയും കോൺഗ്രസ് എതിർത്തു.
കോൺഗ്രസിന്റെ എതിർപ്പും തുരങ്കംവയ്ക്കലും മറികടന്ന് നടപ്പാക്കിയ വൻകിട പദ്ധതികളും സംസ്ഥാനത്തുണ്ട്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, ദേശീയപാത, ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ പദ്ധതികൾ എന്നിങ്ങനെ നീളുന്നു പട്ടിക. നിസാര പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചും തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചും സമരത്തിനിറക്കിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി തടയാൻ ശ്രമിച്ചത്. ‘ഗെയിൽ പൈപ്പ് ലൈൻ തങ്ങളുടെ ശവങ്ങൾക്ക് മുകളിലൂടെ കൊണ്ടുപോകേണ്ടിവരുമെന്ന്’ മുദ്രാവാക്യംവിളിച്ചതും കോൺഗ്രസാണ്.










0 comments