നിശബ്ദത മൂലമാണ് പല അതിക്രമങ്ങളും ഉണ്ടായിട്ടുള്ളത്: ആർ രാജശ്രീ

തിരുവനന്തപുരം: മിണ്ടാതെയിരിക്കുന്ന സ്ത്രീയാണ് യോഗ്യ എന്നുള്ള സങ്കല്പം സമൂഹത്തിലുണ്ടെന്നും ഇങ്ങനെയുള്ള നിശ്ശബ്ദതയിലൂടെയാണ് പല അതിക്രങ്ങളും ഉണ്ടായിട്ടുള്ളതെന്നും എഴുത്തുകാരി ആർ രാജശ്രീ പറഞ്ഞു. ഓരോ നോവൽ എഴുതിയപ്പോഴും ഒരുപാട് അപമാനങ്ങൾ നേരിടേണ്ടി വന്നു. ഒരു അധ്യാപിക ആയിട്ടും കുടുംബങ്ങൾക്ക് എതിരെ സംസാരിക്കുന്നു എന്ന് തുടങ്ങി പലതരം വിമർശനങ്ങൾ കേട്ടെന്നും അവർ പറഞ്ഞു. നിയമസാഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന മീറ്റ് ദി ഓതർ സെഷനിൽ 'ദേശം,അനുഭവം, നോവൽ' എന്ന വിഷയത്തിൽ ഡോ. എൻ നൗഫലുമായി സംസാരിക്കുകയായിരുന്നു അവർ.
സാഹിത്യകാരായി ജീവിക്കാൻ നിയോഗിക്കപ്പെട്ട ഒരു വർഗവും എവിടെയും ജനിച്ചിട്ടില്ല. അടിസ്ഥാനമായി എഴുത്തിലെ ജനാധിപധ്യവത്കരണം എന്നാൽ ആർക്കും എന്തും എഴുതാം എന്നുള്ളതാണ്. അത് വായിക്കാനോ വായിക്കാതെയിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വായനക്കാരനുണ്ട്. നിയതമായ ചട്ടക്കൂടുകളിൽ നിന്ന് കൊണ്ട് ഒരു കൃതിയെ ഇകഴ്ത്തുന്ന സ്വഭാവം എല്ലാക്കാലത്തും മലയാള സാഹിത്യ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വളരെ നൈസർഗികമായി വായിക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. അങ്ങനെയുള്ള മനുഷ്യരെ കൂടെ കണക്കിലെടുക്കുക എന്നുള്ളതും എഴുത്തിന്റെയും വായനയുടെയും ജനാധിപധ്യവത്കരണത്തിന്റെ ഭാഗമാണ്.
മാനകഭാഷയുടെ സാങ്കേതികതകളിൽ നിന്ന് കൊണ്ട് എല്ലാ കാര്യങ്ങൾ പറയാൻ പ്രയാസമായിരിക്കും. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എഴുതുമ്പോൾ മനസിൽ ഉണ്ടായിരുന്ന തോന്നലും ഇതായിരുന്നു. ഭാഷാപരമായിട്ടുള്ള ഒരു പരീക്ഷണമായിട്ടാണ് ഈ നോവലിനെ കാണാൻ സാധിക്കുക. ആത്രേയകത്തിലെ നിരമിത്രൻ സ്വന്തം ലിംഗ സ്വത്വത്തിന്റെ പേരിൽ അനിശ്ചിതത്വം അനുഭവിക്കുന്ന ഒരളാണ്. അതുകൊണ്ട് തന്നെ അവൻ ഉപയോഗിക്കുന്ന ഭാഷയിലും ആ അനിശ്ചിതത്വം ഉണ്ടാവും. ഏത് വാക്ക് കൊണ്ടും മുറിവേൽക്കുന്ന ഒരു കഥാപാത്രമാണ് നിരമിത്രൻ. എല്ലാം നഷ്ടപ്പെട്ട് തകർന്നു നിൽക്കുന്ന നിരമിത്രനെ എങ്ങനെ സമീപിച്ചാലും അയാൾ പൊടിഞ്ഞു വീഴും. അങ്ങനെയുള്ള കഥാപാത്രം ഉപയോഗിക്കുന്ന ഭാഷ നോവലിൽ അവതരിപ്പിക്കുമ്പോൾ ആ ഭാഷയും മാറിക്കൊണ്ടിരിക്കുമെന്നും അവർ പറഞഅഞു.










0 comments