കസ്റ്റഡി തടവുകാരിയെ ഹോട്ടലിൽ താമസിപ്പിച്ചു; എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടുദിവസം ഹോട്ടലിൽ താമസിപ്പിച്ച എസ്ഐയ്ക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷെഫിനെതിരെയാണ് നടപടി. ബാഴ്സലോണയിൽ എംബിബിഎസിന് പ്രവേശനം വാഗ്ദാനംചെയ്ത് വഴുതയ്ക്കാട് സ്വദേശിയിൽ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയ്ക്ക് വഴിവിട്ട സഹായം എസ്ഐ നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ പരാതിക്കാരാണ് എസ്ഐയ്ക്കെതിരെ സിറ്റിപൊലീസ് കമീഷണറെ സമീപിച്ചത്. തുടർന്ന് അതീവരഹസ്യമായി ക്രൈംബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു. ഒരു വനിത കോൺസ്റ്റബിൾ, സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കെതിരെയും ഉടൻ നടപടിയുണ്ടായേക്കും.
എംബിബിഎസ് പ്രവേശന തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ അർച്ചന ഗൗതം മറ്റൊരുകേസിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജയിലിലായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയിൽ ഹജരാക്കിയശേഷം തിരികെ ഹരിദ്വാർ ജയിലിലേക്ക് കൊണ്ടുപോയപ്പോളാണ് സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കാതെ രണ്ടുദിവസം ഡൽഹിയിൽ ഹോട്ടലിൽ താമസിപ്പിച്ചതായി കണ്ടെത്തി.
പ്രതിയുടെ ചെലവിൽ ഫ്ലൈറ്റിലാണ് എസ്ഐയും സംഘവും തിരികെ എത്തിയതെന്നും എന്നാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് ഇത് സിഐയ്ക്ക് മുമ്പാകെ ഹാജരാക്കിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. നാട്ടിലെത്തിയ വിവരം സ്റ്റേഷനിൽ അറിയിച്ചില്ല. അനുമതി വാങ്ങാതെ അനധികൃത അവധിയെടുത്ത് സിനിമയിൽ അഭിനയിക്കാൻ ഇടുക്കിയിലേക്ക് പോയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.









0 comments