print edition ഷുഹെെബ് വധം: 17 പേർക്കും ജാമ്യത്തിൽ തുടരാം; ഹർജി തീർപ്പാക്കി

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ എടയന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതികളായ 17 പേർക്കും ജാമ്യത്തിൽ തുടരാം. പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ (മൂന്ന്) ഉത്തരവ് സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ കൂടുതൽ ഉത്തരവിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി പ്രതികളുടെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് തീർപ്പാക്കി.
സാക്ഷികളുടെ ക്രോസ്‌വിസ്താരത്തിൽനിന്ന് അഭിഭാഷകർ വിട്ടുനിൽക്കുകയും പ്രതികൾ ഇതിനെ അനുകൂലിക്കുകയും ചെയ്തുവെന്ന പേരിലാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തത്. ഇത് ചോദ്യംചെയ്തും ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സാക്ഷിവിസ്താരത്തിനിടെ ക്രോസ്‌വിസ്താരം മാറ്റിവയ്‌ക്കാൻ ഹർജിക്കാരുടെ അഭിഭാഷകൻ അഭ്യർഥിച്ചിരുന്നു. പ്രതികളും ഇതേ നിലപാട് ആവർത്തിച്ചതോടെ സെഷൻസ് ജഡ്ജി ‘ക്രോസ് ചെയ്യുന്നില്ലെന്ന്’ രേഖപ്പെടുത്തി വിചാരണ തുടരാൻ നിർദേശിക്കുകയും പ്രതികളുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു.
ജാമ്യം റദ്ദാക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ ഹെെക്കോടതി, ബന്ധപ്പെട്ട സെഷൻസ് കോടതിയിൽനിന്ന് വിശദീകരണം തേടിയശേഷമാണ് ജാമ്യം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തത്. മുദ്രവച്ച കവറിൽ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി നൽകിയ വിശദീകരണം സ്വീകരിച്ച ഹൈക്കോടതി, നിലവിൽ ജാമ്യത്തിലുള്ള പ്രതികളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവിന്റെ ആവശ്യമില്ലെന്നും വിലയിരുത്തി.









0 comments