കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി ബിജെപി; ലൗ ജിഹാദ് പരാമർശവുമായി ശോഭ കരന്തലജെയും ആർ ശ്രീലേഖയും

ശോഭ കരാന്തലജെ (ഇടത്), ആർ ശ്രീലേഖ (വലത്)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ കേരളത്തിനെതിരെ തീവ്ര വിദ്വേഷ പ്രചാരണവുമായി ബിജെപി നേതാക്കൾ. കേരളത്തിൽ 'ലൗ ജിഹാദ്' മാത്രമല്ല, 'ബിസിനസ് ജിഹാദും' 'ലാൻഡ് ജിഹാദും' നടക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ രംഗത്തെത്തി.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിദ്വേഷം കലർന്ന പ്രസ്താവന. എഫ്‌സിആർഎ വിഷയത്തിൽ നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവർക്ക് ആശങ്ക വേണ്ടെന്നും എന്നാൽ അനധികൃതമായി പണം എത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയും സമാനമായ രീതിയിൽ വിദ്വേഷ പരാമർശങ്ങളുമായി രംഗത്തെത്തി. കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലാത്തതിന് കാരണമെന്നുമാണ് ശ്രീലേഖ പ്രസംഗിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു വോട്ടർമാരെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കം. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും സർവീസിലിരിക്കെ ദുരനുഭവമുണ്ടായെന്നും അന്ന് ഡിജിപി പോലും കൂടെ നിന്നില്ലെന്നും ശ്രീലേഖ ആരോപിച്ചു.
അടുത്തിടെ ഒരു മന്ത്രി തന്റെ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടെന്നും പൊലീസിന്റെ സഹായ നമ്പറായ 112-ൽ വിളിച്ചിട്ടും ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു. രാഷ്ട്രീയ സ്വാധീനം കാരണം സ്ത്രീകൾക്ക് അരക്ഷിതാവസ്ഥയാണെന്നും താൻ എംഎൽഎ ആയാൽ 33 വർഷത്തെ പ്രവൃത്തിപരിചയം വെച്ച് സ്ത്രീ സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും ശ്രീലേഖ അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് വേളയിൽ വികസന ചർച്ചകൾക്ക് പകരം വർഗീയ ധ്രുവീകരണത്തിനും വ്യാജ ആരോപണങ്ങൾക്കും ബിജെപി മുൻഗണന നൽകുന്നതിന്റെ തെളിവാണ് നേതാക്കളുടെ ഈ പ്രസ്താവനകൾ.










0 comments