സാമ്പത്തിക ഇടപാടിലും മറ്റൊരു ബന്ധത്തിന്റെ പേരിലും തർക്കം; താമസത്തിനെത്തിയത് ആറ് മാസം മുൻപ്

ഷേർലി മാത്യു, ജോബ് സക്കറിയ
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും മരണപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മോർക്കോലിൽ ഷേർലി മാത്യു (45), കുമ്മനം സ്വദേശി ജോബ് സക്കറിയ എന്നിവരെയാണ് തിങ്കളാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ഷേർലിയെ കഴുത്തറത്ത നിലയിലും ജോബിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഭർത്താവ് മരിച്ചതിനെത്തുടർന്ന് ആറ് മാസം മുൻപാണ് ഇടുക്കി സ്വദേശിയായ ഷേർലി കാഞ്ഞിരപ്പള്ളിയിലേക്ക് താമസംമാറി എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിലാണ് ജോബുമായി അടുപ്പത്തിലാകുന്നത്. ആദ്യം ചങ്ങനാശേരിയിലായിരുന്നു താമസം. പിന്നീട് കാഞ്ഞിരപ്പള്ളിയിൽ സ്ഥലംവാങ്ങി വീട് നിർമാണം തുടങ്ങി. കൂവപ്പള്ളി കുളപ്പുറത്ത് വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
ജോബിയും ഷേർലിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഷേർലിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ജോബിനെതിരെ ഷേർലി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും മരണം.
ഞായർ രാത്രിയോടെ ഷേർലിയെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, ജോബിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. ഷേർലിയെ കൊലപ്പെടുത്തിയശേഷം ജോബ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.










0 comments