ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്ന് തരൂർ; പോഡ്‌കാസ്റ്റിന്റെ പൂർണരൂപം പുറത്ത്

ന്യൂഡൽഹി: വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ പ്രകീർത്തിച്ച കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയുടെ അഭിമുഖ വിവാദം പാർട്ടിയിൽ കത്തുമ്പോൾ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം പുറത്തിറങ്ങി. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്ന് തരൂർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല. തന്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ല. ഇക്കാരത്തിൽ ഹിമന്ത ബിശ്വ ശർമ്മയടക്കം ആരുമായും ചർച്ച നടത്തിയിട്ടില്ല. ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. പാർട്ടിയിൽ നിന്നും മാറി സ്വതന്ത്രനായി നിൽക്കാനുള്ള സാധ്യത എല്ലാ വ്യക്തിക്കുമുണ്ട്. കോൺഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹന് സിങ്ങുമാണെന്നും തരൂർ പറഞ്ഞു.
എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സങ്കുചിത രാഷ്ട്രീയചിന്ത തനിക്കില്ല. കഴിഞ്ഞ തെരഞെടുപ്പിൽ ദേശീയതലത്തിൽ ബിജെപിയും സംസ്ഥാനതലത്തിൽ സിപിഐ എമ്മും കാണിച്ചിട്ടുള്ള മികവ് കോൺഗ്രസിന് കാണിക്കാനായിട്ടില്ല. മോദിയെയും പിണറായിയെയും താൻ വിമർശിച്ചിട്ടുമുണ്ടെന്നും ശശി തരൂർ പറയുന്നു.
അതേസമയം കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, ബ്രിട്ടന്റെ വ്യാപാര– വാണിജ്യ സെക്രട്ടറി ജൊനാഥൻ റെയ്‌നോൾഡ്‌സ് എന്നിവർക്കൊപ്പമുള്ള ചിത്രം തരൂർ ചൊവ്വാഴ്‌ച സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഏറെ നാളായി മുടങ്ങികിടക്കുകയായിരുന്ന ഇന്ത്യാ– യുകെ സ്വതന്ത്രവ്യാപാര ചർച്ചകൾ പുനരാരംഭിച്ചെന്നും ഇത് ഏറെ സ്വാഗതാർഹമാണെന്നും തരൂർ ചിത്രത്തോടൊപ്പം കുറിച്ചു. പീയുഷ് ഗോയലുമായും ജൊനാഥൻ റെയ്‌നോൾഡ്‌സുമായും ആശയവിനിമയം നടത്താനായതിൽ സന്തോഷമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ‘ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ് കണക്കുകൾ ഉദ്ധരിച്ച് പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം വിവരിച്ചത്. കേരളത്തിൽ സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവായണ് തരൂർ ചൂണ്ടിക്കാട്ടിയത്.











0 comments