ad
Deshabhimani

യുഎഇയുടെ സ്വപ്നവേ​ഗത്തിന്റെ ക്യാപ്റ്റൻ; മലയാളികൾക്ക് അഭിമാനമായി നിഷാദ്

Nishad Etihad

നിഷാദ് | Photo Credit: X

വെബ് ഡെസ്ക്

Published on Jun 30, 2026, 09:11 PM | 2 min read

ദുബായ് : യുഎഇയുടെ അഭിമാനമായ അതിവേഗ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് കുതിക്കുമ്പോൾ നമുക്കുമുണ്ട് അഭിമാനിക്കാനൊരു കാര്യം. ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായി ഒരു മലയാളി യുവാവ് ഇത്തിഹാദ് റെയിലിന്റെ അമരത്തുണ്ട്. ആലപ്പുഴ സ്വദേശിയായ 29 കാരൻ നിഷാദാണ് ഇത്തിഹാദ് റെയിലിന്റെ ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജർ ആയി ചരിത്രനേട്ടം സ്വന്തമാക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.


ഫെബ്രുവരിയിൽ യുഎഇ സ്വദേശികളായ ഇബ്രാഹിം അൽ ഹമ്മാദി, സാറ അൽ മസ്റൂയി എന്നിവരെ ആദ്യ ട്രെയിൻ ക്യാപ്റ്റന്മാരായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ലോകോത്തര നിലവാരമുള്ള സർവീസിനെ നയിക്കുന്ന മുൻനിരക്കാരിലേക്ക് നിഷാദും യോഗ്യത നേടുന്നത്.


2014ൽ യുഎഇയിൽ എത്തിയ നിഷാദിന് പറയാൻ കഠിന പ്രയത്നത്തിന്റെ കഥയുണ്ട്. കാഷ്യർ, പാചകക്കാരൻ, പെർഫ്യൂം വില്പനക്കാരൻ, ഹോം ഡെലിവറി പാർട്ണർ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്ത ശേഷമാണ് നിഷാദ് ഈ നേട്ടം കൈവരിക്കുന്നത്.


2017ൽ പാം ജുമൈറ മോണോറെയിലിന്റെ ഭാഗമായ നിഷാദ് പിന്നീട് ദുബായ് ട്രാമിലും ദുബായ് മെട്രോയിലും സേവനമനുഷ്ഠിച്ചു. 2023ൽ സയിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഓപ്പറേഷൻസ് ടീം ലീഡറായും തുടർന്ന് സീനിയർ ടീം ലീഡറായും പ്രവർത്തിച്ചു. 2020ൽ ഇത്തിഹാദ് റെയിലിൽ ചേരാൻ ശ്രമിച്ചെങ്കിലും ഇമെയിൽ വിലാസത്തിലുണ്ടായ ഒരു ചെറിയ പിഴവ് കാരണം അന്ന് അവസരം നഷ്ടമായി.


2022ൽ ടെസ്റ്റുകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിക്കുന്നത്. നിഷാദിന്റെ സഹോദരൻ റിൻഷാദും ഇത്തിഹാദ് റെയിലിന്റെ ചരക്ക് ട്രെയിനിൽ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്നുണ്ട്.


ആദ്യ സർവീസ് ഫുജൈറയിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കായിരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയുള്ള ഈ ട്രെയിൻ വെറും 1 മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കും. ദുബായ്, അൽ ദൈദ് സർവീസുകൾ സെപ്റ്റംബർ 30നും, അൽ ദഫ്ര ഡിസംബർ 30നും, ഷാർജ സർവീസ് 2027 മാർച്ച് 30നും ആരംഭിക്കും.


റെയിൽ ശൃംഖല പൂർണമായും സജ്ജമാകുന്നതോടെ ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് വരെ ഒരേസമയം യാത്ര ചെയ്യാൻ സാധിക്കും. പ്രതിവർഷം ഏകദേശം 10 ദശലക്ഷം യാത്രക്കാരെയാണ് ഇത്തിഹാദ് റെയിൽ പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.


വിമാന യാത്രയ്ക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് നാല് ആഴ്ച മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഓരോ യാത്രക്കാരനും പ്രത്യേക സീറ്റുകൾ അനുവദിക്കുന്നതിനൊപ്പം, ഫോണുകളും ലാപ്‌ടോപ്പുകളും ചാർജ് ചെയ്യുന്നതിനായി സൗജന്യ വൈഫൈ സൗകര്യവും പ്രത്യേക പവർ സോക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.


മടക്കിവെക്കാവുന്ന ടേബിളുകൾ, സീറ്റുകൾക്ക് മുകളിലെ ലഗേജ് റാക്കുകൾ, വലിയ ബാഗേജുകൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ഇടം, കാലുകൾ സുഖകരമായി വെക്കാനുള്ള അധിക സ്ഥലം എന്നിവയാണ് ട്രെയിനിലെ മറ്റ് സൗകര്യങ്ങൾ.


യുഎഇയുടെ ചരിത്രത്തിന്‍റെ ഭാഗമാവാൻ പ്രതിസന്ധികളിൽ പ്രതീക്ഷ കൈവിടാതെ മുന്നേറിയ നിഷാദ് പ്രവാസി സമൂഹത്തിന് ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്. ഹിബ ഗഫൂറാണ് നിഷാദിന്റെ ഭാര്യ. ഖലീഫ സായിദ് ഏക മകനാണ്. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home