ad
Deshabhimani

ജനാധിപത്യം ക്ലാസ് മുറികളിലേക്ക്; തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ ചരിത്രത്തിലാദ്യമായി വിദ്യാർത്ഥി തെരഞ്ഞെടുപ്പ്

Tamilnadu.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 30, 2026, 08:55 PM | 1 min read

ചെന്നൈ: കുട്ടികളിൽ ജനാധിപത്യ ബോധവും നേതൃപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ ചരിത്രത്തിലാദ്യമായി വിദ്യാർത്ഥി പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ 'മഗിഴ് മുറ്റം' പദ്ധതിയുടെ ഭാഗമായി ജൂലൈ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


തെരഞ്ഞെടുപ്പ് രീതികൾ, വോട്ടെടുപ്പ്, മന്ത്രിസഭാ രൂപീകരണം എന്നിവ നേരിട്ടറിഞ്ഞ് ജനാധിപത്യത്തിന്റെ അടിസ്ഥാനപാഠങ്ങൾ കുട്ടികൾക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം. വിദ്യാർത്ഥികളിൽ കമ്മ്യൂണിറ്റി ബോധവും ഒത്തൊരുമയും വളർത്തുന്നതിനായി 2024-ലാണ് തമിഴ്‌നാട് സർക്കാർ 'മഗിഴ് മുറ്റം' പദ്ധതിക്ക് തുടക്കമിട്ടത്.


ഈ അധ്യയന വർഷം മുതൽ ഇതിലേക്ക് വിദ്യാർത്ഥി പാർലമെന്റ് തെരഞ്ഞെടുപ്പ് കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. യുവതലമുറയ്ക്ക് ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചുമുള്ള അറിവ് കുറയുന്നു എന്ന ആശങ്ക ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ മാതൃകാപരമായ നീക്കം.


പദ്ധതി പ്രകാരം ഓരോ സർക്കാർ സ്‌കൂളിലും കുറിഞ്ഞി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നിങ്ങനെ അഞ്ച് 'ഹൗസുകൾ' ഉണ്ടായിരിക്കും. ഓരോ ഹൗസിനും ഒരു 'ഹൗസ് ക്യാപ്റ്റനും' ഒരു 'സ്റ്റുഡന്റ് മിനിസ്റ്ററും' (വിദ്യാർത്ഥി മന്ത്രി) ഉണ്ടാകും. ഹൗസ് ക്യാപ്റ്റൻമാരെ നറുക്കെടുപ്പിലൂടെയോ കൈകൾ ഉയർത്തിയോ ആയിരിക്കും കണ്ടെത്തുക.


എന്നാൽ വിദ്യാർത്ഥി മന്ത്രിമാരെ ഔപചാരികമായ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. പ്രൈമറി സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലെയും, മിഡിൽ സ്‌കൂളുകളിൽ എട്ടാം ക്ലാസിലെയും, ഹൈസ്‌കൂളുകളിൽ ഒമ്പതാം ക്ലാസിലെയും, ഹയർ സെക്കൻഡറിയിൽ പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ളത്.


തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിദ്യാർത്ഥി മന്ത്രിമാർക്ക് നറുക്കെടുപ്പിലൂടെയാണ് വകുപ്പുകൾ വിഭജിച്ചു നൽകുക. വിദ്യാഭ്യാസം, വിദ്യാർത്ഥി ക്ഷേമവും സുരക്ഷയും, വിവരസാങ്കേതികവിദ്യയും ആശയവിനിമയവും, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ആരോഗ്യം-ശുചിത്വം എന്നിവയാണ് അഞ്ച് പ്രധാന വകുപ്പുകൾ.


ലിംഗസമത്വം ഉറപ്പാക്കുന്നതിനായി കോ-എഡ്യൂക്കേഷൻ സ്‌കൂളുകളിൽ കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു ഹൗസിലെ ക്യാപ്റ്റൻ ആൺകുട്ടിയാണെങ്കിൽ മന്ത്രിസ്ഥാനം പെൺകുട്ടിക്കായിരിക്കും; ക്യാപ്റ്റൻ പെൺകുട്ടിയാണെങ്കിൽ മന്ത്രി ആൺകുട്ടിയുമായിരിക്കും. ഓരോ ഹൗസിനും പ്രത്യേക പതാകകളും ബാഡ്ജുകളും സ്കോർബോർഡുകളും ഉണ്ടായിരിക്കും. പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഒരു അധ്യാപക കോർഡിനേറ്ററെയും ചുമതലപ്പെടുത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home