print edition ന്യായീകരിച്ച് നാണംകെട്ട് യുഡിഎഫ് പത്രം


സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:00 AM | 1 min read
തിരുവനന്തപുരം: തുറമുഖം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വി ഡി സതീശൻ കൈവശം വയ്‌ക്കുന്നതിനെ ന്യായീകരിച്ചും വസ്‌തുത മറച്ചും യുഡിഎഫ് പത്രം. ‘ഘടകകക്ഷിയിൽനിന്ന് സിപിഐ എം തുറമുഖം പിടിച്ചെടുത്തു’എന്നാണ് ആരോപണം. സിപിഐ എം മന്ത്രിമാർ മുൻപും തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.
2006– 2011ൽ എം വിജയകുമാർ ആയിരുന്നു വകുപ്പ് മന്ത്രി. 2021ൽ മുന്നണി ധാരണപ്രകാരം ആദ്യം അഹമ്മദ് ദേവർകോവിലിന് വകുപ്പ് നൽകി. പിന്നീട് വി എൻ വാസവൻ ഏറ്റെടുത്തു. വകുപ്പ് ഏറ്റെടുത്ത് മൂന്നുമാസത്തിനകം അദാനി ആര്‍ബിട്രേഷന്‍ തര്‍ക്കം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പിന് വഴങ്ങിയെന്ന കള്ളവും എഴുതിയിട്ടുണ്ട്. തുറമുഖ നിർമാണം അനിശ്ചിതമായി നീളുന്നത് തടയാനാണ് അന്ന് സർക്കാർ നടപടി എടുത്തത്.
2024ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട സപ്ലിമെന്ററി കണ്‍സഷന്‍ കരാറാണ് വിഴിഞ്ഞം പദ്ധതി നിർമാണത്തിന്റെ വേഗം കൂട്ടിയത്. 2045ൽ പൂർത്തിയാകേണ്ട രണ്ടാംഘട്ടം കരാർ വന്നതോടെ 2028 ഡിസംബറിൽ പൂർത്തിയാക്കാമെന്ന് അദാനി അധികൃതർ ഉറപ്പുനൽകി. മുന്പ് തീരുമാനിച്ച കാലാവധിയേക്കാള്‍ 17വര്‍ഷം മുമ്പ് നിര്‍മിക്കാന്‍ അദാനി ഗ്രൂപ്പ് നിര്‍ബന്ധിതരായി.
പഴയ കരാർപ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് 15–-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് വരുമാനം ലഭിക്കുക. പദ്ധതി വൈകിയാൽ 2039 മുതല്‍മാത്രം അദാനി ഗ്രൂപ്പ് വിഹിതം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, സപ്ലിമെന്ററി കരാൾ പ്രകാരം 2034മുതല്‍ വരുമാനവിഹിതം സര്‍ക്കാരിന് ലഭിക്കും. 16,000 കോടിരൂപകൂടി നിക്ഷേപിക്കുമെന്ന് 2025 ജനുവരി 24-ന് അദാനി പ്രഖ്യാപിച്ചിരുന്നു. പണം നേരിട്ട് നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഓഹരി വില്‍പ്പന ലക്ഷ്യമിട്ടാണ് പ്രഖ്യാപനം നടത്തിയതെന്ന് കള്ളമെഴുതി കമ്പനിയെ സഹായിക്കുകയാണ് പത്രം.











0 comments