അപകീർത്തികരമായ വീഡിയോ പ്രചാരണം; ഷാജൻ സ്കറിയയ്ക്കെതിരെ നിയമനടപടിയുമായി കെ കെ ശൈലജയും വീണാ ജോർജും

തിരുവനന്തപുരം: അപകീർത്തികരമായ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച വിവാദ യൂട്യൂബർ ഷാജൻ സ്കറിയയ്ക്കെതിരെ നിയമനടപടിയുമായി മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും. ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും അഭിഭാഷകൻ എ രാജേഷ് മുഖേന ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു.
നവംബർ ആറിന് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച '3000 കോടി കട്ട്, വീണയും ശൈലജയും' എന്ന വ്യാജ വാർത്തയ്ക്കെതിരെയാണ് നടപടി. അപകീർത്തികരമായ വീഡിയോ ഉടൻ പിൻവലിക്കുക, പരസ്യമായി മാപ്പ് പറയുക, എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽനിന്നും വീഡിയോ നീക്കം ചെയ്യുക, ഇത്തരം പ്രചാരണങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസിലുള്ളത്.
ഏഴ് ദിവസത്തിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരവാദികളായവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 2023ലെ 356-ാം വകുപ്പ് പ്രകാരമുള്ള അപകീർത്തിക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ നടപടികളെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ഷാജൻ സ്കറിയയെ ഒന്നാം എതിർകക്ഷിയായും മറുനാടൻ മലയാളിയെ രണ്ടാം എതിർകക്ഷിയായും യൂട്യൂബ് റെസിഡന്റ് ഗ്രീവൻസ് ഓഫീസർ സൂരജ് റാവുവിനെ മൂന്നാം എതിർകക്ഷിയായുമാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കളങ്കരഹിതമായും സംശുദ്ധമായും പൊതുപ്രവര്‍ത്തനം നടത്തുന്ന വനിതാ നേതാക്കള്‍ക്കെതിരെ, വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള ഉത്തരവാദിത്തപൂർണമായ റിപ്പോർട്ടിങ്ങല്ലെന്നും നേതാക്കളുടെയും സിപിഐഎമ്മിന്റെയും പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും നോട്ടീസിൽ പറയുന്നു.
പാർട്ടിക്കും വനിതാ നേതാക്കൾക്കുമെതിരെ ഉയരുന്ന വ്യാജവാർത്തകൾക്കും അപകീർത്തികരമായ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്ന് കെ കെ ശൈലജ വ്യക്തമാക്കി. മന്ത്രിയായും എംഎൽഎയായും പ്രവർത്തിച്ച കാലയളവിലുടനീളം ഷാജൻ സ്കറിയയും ചാനലും ആസൂത്രിതമായ കള്ളപ്രചാരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് വീണാ ജോർജും പറഞ്ഞു.








0 comments