മാറ്റിസ്ഥാപിക്കുന്ന വിഗ്രഹങ്ങളിലും വസ്തുക്കളിലും തന്ത്രിമാർക്ക് അവകാശമില്ല; ഹൈക്കോടതി

ഹൈക്കോടതി
കൊച്ചി : ക്ഷേത്രങ്ങളിലെ കൊടിമരം ഉൾപ്പെടെയുള്ളവ മാറ്റിസ്ഥാപിക്കുമ്പോൾ നീക്കംചെയ്യുന്ന വിഗ്രഹങ്ങളിലും ലോഹവസ്തുക്കളിലും തന്ത്രിമാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ഇവ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുസ്വത്താണ്. ദേവസ്വത്തിന്റെ സംരക്ഷണയിൽ നിലനിർത്തണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
മാറ്റിസ്ഥാപിക്കുന്ന വസ്തുക്കൾ ദേവസ്വത്തിന്റെ സ്വത്തായി നിലനിർത്തണമെന്ന 2012ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക സഭാ ഭാരവാഹികളായ എം എസ് ശ്രീരാജ്കൃഷ്ണൻ പോറ്റി, എൻ വിഷ്ണു നമ്പൂതിരി എന്നിവർ നൽകിയ ഹർജികൾ തള്ളിയാണ് ഉത്തരവ്.
കൊടിമരം മാറ്റുമ്പോൾ അതിനുമുകളിൽ സ്ഥാപിച്ചിരുന്ന ഗരുഡൻ, കാള, കുതിര തുടങ്ങിയ വാഹനവിഗ്രഹങ്ങൾ ആചാരപ്രകാരം തന്ത്രിക്ക് നൽകണമെന്ന വാദം കോടതി തള്ളി. പൂജാകർമങ്ങളിലും ക്ഷേത്രാചാരങ്ങളിലും തന്ത്രിക്ക് പ്രധാന പങ്കുണ്ടെങ്കിലും അതിന്റെ പേരിൽ ക്ഷേത്രസ്വത്തിൽ ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ല.
ക്ഷേത്രസ്വത്ത് ദൈവത്തിന്റേതാണെന്നും പൂജാരിമാർക്കോ ട്രസ്റ്റികൾക്കോ വ്യക്തിപരമായ ഉടമസ്ഥാവകാശമില്ലെന്നുമുള്ള സുപ്രീംകോടതി വിധികളും ബെഞ്ച് ചൂണ്ടിക്കാട്ടി. മതപരമായ ആചാരങ്ങൾക്കുള്ള ഭരണഘടനാപരമായ സംരക്ഷണംമാത്രമാണ് തന്ത്രിമാർക്കുള്ളത്. അത് ക്ഷേത്രസ്വത്തിൽ ഉടമസ്ഥാവകാശം നേടാനുള്ളതല്ലെന്നും വ്യക്തമാക്കി.








0 comments