Deshabhimani

റൊണാൾഡോയ്ക്ക് ആദരം; ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് പോർച്ചുഗൽ താരങ്ങൾ കളത്തിലിറങ്ങും

Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ

വെബ് ഡെസ്ക്

Published on Nov 14, 2026, 06:03 PM | 1 min read

ബ്രാഗ : അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദരമർപ്പിക്കാൻ പോർച്ചുഗൽ ടീം. ശനിയാഴ്ച (ഇന്ന് ) ഡെന്മാർക്കിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗലിന്റെ മുഴുവൻ താരങ്ങളും ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങും. റൊണാൾഡോയുടെ 23 വർഷത്തെ പോർച്ചുഗൽ ദേശീയ ടീം കരിയറിനോടുള്ള ആദരസൂചകമായാണ് ഈ പ്രത്യേക ആദരവ്.


മത്സരത്തിന്റെ ഏഴാം മിനിറ്റിൽ കളി നിർത്തിവെച്ച് കാണികൾ റൊണാൾഡോയ്ക്ക് എഴുന്നേറ്റ് നിന്ന് ആദരമർപ്പിക്കും. ഈ പ്രത്യേക ചടങ്ങിന് യുവേഫയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. റൊണാൾഡോ മത്സരത്തിന് എത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.


പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനാണ് ആദരച്ചടങ്ങ് സംഘടിപ്പിച്ചതെന്ന് പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കി. ദേശീയ ടീമിനായി റൊണാൾഡോ ചെലവഴിച്ച 23 വർഷവും രാജ്യത്തിനായി നേടിയ നേട്ടങ്ങളും ലോക ഫുട്ബോളിൽ ചെലുത്തിയ സ്വാധീനവും മറക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.


41-ാം വയസിൽ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച റൊണാൾഡോ 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകളാണ് നേടിയത്. പുരുഷ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. 2003 ആഗസ്ത് 20ന് കസാഖിസ്ഥാനെതിരെയായിരുന്നു പോർച്ചുഗൽ ജഴ്സിയിലെ അരങ്ങേറ്റം. 2026 സെപ്തംബ ർ 24നാണ് അവസാനമായി ദേശീയ ടീമിനായി കളിച്ചത്.


യൂറോ 2016, യുവേഫ നേഷൻസ് ലീഗ് കിരീടങ്ങൾ (2019, 2025) എന്നിവ പോർച്ചുഗലിനൊപ്പം നേടിയ റൊണാൾഡോ ലോകകപ്പുകളിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും നിരവധി റെക്കോഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടവും താരത്തിനുണ്ട്. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ ടൂർണമെന്റുകളിൽ 14 ഗോളുകളെന്ന റെക്കോഡും റൊണാൾഡോയുടെ പേരിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home