വളർമതിയുടെ ആരോഗ്യനിലയിൽ ആശങ്ക; ഐസിയുവിലും നിരാഹാരം തുടരുന്നു

തിരുവനന്തപുരം: റാങ്ക് പട്ടികയിൽനിന്ന് നിയമനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. നിലവിൽ ഐസിയുവിൽ കഴിയുന്ന വളർമതി നിരാഹാരം അവസാനിപ്പിച്ചിട്ടില്ലെന്ന് സമരത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥി ജയകൃഷ്ണൻ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ജീവൻ നൽകാൻ വരെ വളർമതി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ വളർമതിക്ക് ഐവി ഫ്ലൂയിഡ് നൽകുന്നുണ്ട്. കൈയിൽ നീര് വന്നതിനാൽ ഡ്രിപ് നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായും ജയകൃഷ്ണൻ പറഞ്ഞു. ഭക്ഷണം കഴിക്കാതെ സമരം തുടർന്നാൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്ന് ആശുപത്രി അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരാഹാരം തുടങ്ങിയിട്ട് ഇന്ന് 20 ദിവസം പിന്നിട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെയാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സമരക്കാരുടെ ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഡിവിഷൻ ഫാൾ വന്ന സ്കൂളുകളിലെങ്കിലും റേഷ്യോ കുറയ്ക്കൽ നടപ്പാക്കണമെന്നും ജയകൃഷ്ണൻ ആവശ്യപ്പെട്ടു. പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് നീക്കം ചെയ്ത സമരപ്പന്തലുകൾ വീണ്ടും സ്ഥാപിച്ചതിനാണ് ഡിവൈഎഫ്ഐക്കും എൽ പി എസ് ടി സമരസമിതിക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പന്തൽ വീണ്ടും സ്ഥാപിച്ചു.








0 comments