Deshabhimani

ചാല സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്; ആറുപേർ പൊലീസ് പിടിയിൽ

chala gold
വെബ് ഡെസ്ക്

Published on Nov 14, 2026, 07:16 PM | 1 min read

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വ്യാപാരകേന്ദ്രമായ ചാലയിൽ രണ്ടുകിലോയോളം സ്വർണം കവർന്ന കേസിൽ ആറുപേർ പിടിയിൽ. വയനാട്ടിൽനിന്ന് നാല് പേരെയും തിരുവനന്തപുരത്തുനിന്ന് രണ്ടുപേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.


ചാല വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്നാണ് ബൈക്കിലെത്തിയ സംഘം ഏകദേശം 250 പവൻ സ്വർണം കവർന്നത്. വ്യാഴാഴ്ച രാത്രി 10.30ഓടെ ജ്വല്ലറി അടച്ച് വലിയശാലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ സഭാപതി റോഡിൽവച്ച് ബൈക്കിലെത്തിയ സംഘം നന്ദകുമാറിനെ തടഞ്ഞുനിർത്തി സ്വർണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.


വിവിധ ജ്വല്ലറികളിൽനിന്ന് ശുദ്ധീകരണത്തിനായി നൽകിയ സ്വർണമാണ് ബാഗിലുണ്ടായിരുന്നത്. കവർച്ചാസംഘം സഞ്ചരിച്ച ബൈക്കിന്റെയും കവർച്ചയുടെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ വാഹനങ്ങളുടെ നമ്പർ വ്യക്തമായിട്ടില്ല.


മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ 25 വർഷത്തിലേറെയായി ചാലയിൽ സ്വർണപ്പണി ചെയ്യുന്നയാളാണ്. ഒരു വർഷം മുമ്പാണ് വൈഷ്ണവി ജ്വല്ലറി ആരംഭിച്ചത്. വിവിധ ജ്വല്ലറികളിൽനിന്ന് ലഭിക്കുന്ന സ്വർണം ശുദ്ധീകരിക്കലാണ് പ്രധാന ജോലി. ദിവസവും കടയിൽനിന്ന് സ്വർണം വീട്ടിലേക്ക് കൊണ്ടുപോയി സൂക്ഷിക്കാറുണ്ടായിരുന്നു.


കവർച്ചയിൽ മൂന്നുപേർ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നന്ദകുമാറിന്റെ ബൈക്ക് തടഞ്ഞുനിർത്തി സ്വർണബാഗ് കവർന്ന സംഘത്തിന് മുന്നിലായി മറ്റൊരു ബൈക്കും ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ ബൈക്കിലുണ്ടായിരുന്നവർക്കും കവർച്ചയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം.


മരക്കടയിലെ ഇടറോഡിലൂടെ സ്വർണവുമായി പോകുന്നതിനിടെ എസ്‌ബിഐ ബാങ്കിന് സമീപത്തുവച്ചായിരുന്നു കവർച്ച. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സ്വർണം കണ്ടെത്തുന്നതിനും രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home