പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ സർക്കാർ കൂട്ടുനിൽക്കുന്നു: പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനിൽക്കുന്നത് അത്യന്തം അപകടകരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി, പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ്.
ആർഎസ്എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിന്റെ അപേക്ഷയിന്മേലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഇതേ വ്യക്തിയെ തന്നെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലേക്ക് യുഡിഎഫ് സർക്കാർ നോമിനേറ്റ് ചെയ്തത് എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെയാണ് ഈ നഗ്നമായ സംഘപരിവാർ പ്രീണനം നടക്കുന്നത് എന്നത് വ്യക്തം.
2017-ലാണ് മയിൽപ്പീലി ഈ പരീക്ഷ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ പത്തുവർഷക്കാലം ഇത്തരം വർഗീയ അജണ്ടകൾക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ യാതൊരു ഇടവും നൽകിയിരുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ വർഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാൻ അനുവദിക്കില്ല എന്ന ആ ഉറച്ച ജാഗ്രതയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ കാറ്റിൽപ്പറത്തിയിരിക്കുന്നത്.
സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ മുട്ടിലിഴയുന്ന യുഡിഎഫ് സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നടപടി കേരളത്തിന്റെ മതനിരപേക്ഷ സമൂഹം ഒരിക്കലും അംഗീകരിച്ചു തരില്ല. പ്രതിഷേധമുയർന്നപ്പോൾ ഉത്തരവ് പിൻവലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല. കുഞ്ഞുമനസ്സുകളിൽ വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികൾക്ക് പൊതുവിദ്യാലയങ്ങളെ വിട്ടുനൽകാൻ തയ്യാറായ വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്ന് പിണറായി വിജയൻ പറഞ്ഞു.








0 comments